പെരുന്നാളിന് ഭക്ഷണം വാങ്ങാതെ വന്നതിനെച്ചൊല്ലി തര്‍ക്കം; ഭാര്യയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ഗുരുതരമായി പൊള്ളലേറ്റ ബംഗാള്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരി മുഹസിമ ഹാത്തുണിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നിലമ്പൂര്‍: പെരുന്നാളിന് ഭക്ഷണം വാങ്ങാതെ വീട്ടിലെത്തിയതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പോലീസ് പിടിയില്‍. ഗുരുതരമായി പൊള്ളലേറ്റ ബംഗാള്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരി മുഹസിമ ഹാത്തുണിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് ജൗഹീറുല്‍ ഇസ്ലാമിനെ (25) പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4.30നാണ് സംഭവം. പെരുന്നാളായിട്ടും വീട്ടില്‍ ഭക്ഷണം ഇല്ലായിരുന്നു. പുറത്തു നിന്ന് ഭക്ഷണം വാങ്ങാന്‍ ജൗഹീറിനോട് മുഹസിമ പറഞ്ഞിരുന്നു. എന്നാല്‍ ജൗഹീര്‍ വെറും കൈയ്യോടെയാണ് വീട്ടിലെത്തിയത്. ഇതില്‍ ക്ഷുഭിതയായ മുഹസിമ ഭര്‍ത്താവിനോട് ദേഷ്യപ്പെടുകയും തന്നെ വീട്ടില്‍ കൊണ്ടുവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇരുവരും തമ്മിലുള്ള തര്‍ക്കം മൂത്തപ്പോള്‍ ജൗഹീര്‍ മുഹസിമയുടെ കൈവശമുള്ള പണം ആവശ്യപ്പെട്ടു. എന്നാല്‍ മുഹസിമ പണം നല്‍കാന്‍ തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ ജൗഹിറുല്‍ സ്റ്റൗവില്‍ ഒഴിക്കാന്‍ സൂക്ഷിച്ച ഡീസല്‍ മുഹസിമയുടെ മുഖത്തും ദേഹത്തും ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പൊള്ളലേറ്റ മുഹസിമ വീട്ടില്‍ നിന്നും ഓടി പുറത്തെത്തി നിലവിളിച്ചു.

ഇത് കേട്ട് സംഭവസ്ഥലത്തെത്തിയ അയല്‍വാസികളാണ് മുഹസിമയെ ആശുപത്രിയിലെത്തിച്ചത്. മുഹസിമക്ക് 60 ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ജൗഹീറുലിനെ പോലീസ് എത്തി പീന്നീട് കസ്റ്റഡിയിലെടുത്തു. നിസാര പരുക്കുള്ള ജൗഹീറുലിന് ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കി. ഇവരുടെ രണ്ടു വയസായ ആണ്‍കുഞ്ഞ് വനിതാ പോലീസുകാരുടെ സംരക്ഷണത്തിലാണ്. ഇന്ന് ശിശുക്ഷേമ സമിതി മുന്‍പാകെ ഹാജരാക്കും.

Exit mobile version