ആശങ്കപ്പെടേണ്ടതില്ല; ഇപ്പോഴും നമുക്ക് നിപ്പയെ അതിജീവിക്കാന്‍ കഴിയും; ഭീതി പടര്‍ത്തുന്ന പ്രചരണങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി

എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

തിരുവനന്തപുരം: എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ്പാ ബാധയെന്ന് സ്ഥിരീകരിച്ചതോടെ ജാഗ്രതയോടെ കേരളം. അടിയന്തര സാഹചര്യത്തെ നേരിടാന്‍ ആവശ്യമായ കരുതലുകളെല്ലാം ആരോഗ്യവകുപ്പ് സ്വീകരിച്ചു കഴിഞ്ഞു. അതേസമയം, നിപ്പായെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണസജ്ജമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.

എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു. കോഴിക്കോട് നിപ്പാ വൈറസ് ബാധ ഉണ്ടായപ്പോള്‍ അതിനെ ഒന്നിച്ച് നിന്ന് അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നെന്നും അതു പോലെ ഇപ്പോഴും നമുക്ക് നിപ്പായെ അതിജീവിക്കാന്‍ കഴിയുമെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന പ്രചരണങ്ങള്‍ ആരും നടത്തരുതെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:

എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നിപയെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണ്ണ സജ്ജമാണ്. എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. യുവാവുമായി അടുത്തിടപഴകിയവരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. നിപ സ്ഥിരീകരിച്ചു എന്നതിനാല്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കും. അത് പിന്തുടരാന്‍ എല്ലാവരും തയ്യാറാകണം.

കേന്ദ്രആരോഗ്യ മന്ത്രാലയവുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. വിദഗ്ധരടങ്ങിയ കേന്ദ്രസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. അവരുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താകും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.

കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോള്‍ അതിനെ ഒന്നിച്ച് നിന്ന് അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. അതു പോലെ ഇപ്പോഴും നമുക്ക് നിപയെ അതിജീവിക്കാന്‍ കഴിയും. ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന പ്രചരണങ്ങള്‍ ആരും നടത്തരുത്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകും.

Exit mobile version