മലപ്പുറത്ത് കാര്‍യാത്രക്കാരെ തട്ടികൊണ്ടുപോയ സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

സ്വര്‍ണ്ണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അഞ്ചംഗ സംഘം ഇങ്ങനെരു പദ്ധതി നടപ്പിലാക്കിയത്

മലപ്പുറം: മലപ്പുറത്ത് തുവ്വൂരില്‍ കാര്‍യാത്രക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. മലപ്പുറം എടവണ്ണ സ്വദേശികളായ ഫസല്‍ റഹ്മാന്‍, കളപ്പാടന്‍ മുഹമ്മദ് നിസാം, സക്കീര്‍ ഹുസൈന്‍, അരീക്കോട് മൈത്ര സ്വദേശികളായ പാറക്കല്‍ അബ്ദുല്‍ നാസര്‍, ഷിഹാബുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. തുവ്വൂര്‍ ഹൈസ്‌ക്കൂള്‍ പടിയില്‍ വെച്ച് കാര്‍യാത്രക്കാരെ തടഞ്ഞ് നിര്‍ത്തിയാണ് ജീപ്പിലെത്തിയ അഞ്ചംഗ സംഘം കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളെ തട്ടികൊണ്ടുപോയത്.

കണ്ണൂര്‍ സ്വദേശികളായ ജംഷീര്‍, നിജാര്‍, മലപ്പുറം സ്വദേശി റസാദ് എന്നിവരെയാണ് ജീപ്പിലെത്തിയ സംഘം തട്ടികൊണ്ടുപോയത്. അതേസമയം കാറിലുണ്ടായിരുന്ന കൂത്തുപറമ്പ് സ്വദേശി റംഷാദ് ആക്രമികളുമായുണ്ടായ പിടിവലിക്കിടെ ഓടി രക്ഷപ്പെട്ടു. സ്വര്‍ണ്ണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അഞ്ചംഗ സംഘം ഇങ്ങനെരു പദ്ധതി നടപ്പിലാക്കിയത്.

ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് പെരിന്തല്‍മണ്ണ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചംഗ സംഘം പിടിയിലായത്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തിച്ച സ്വര്‍ണം കാരിയര്‍മാരില്‍ നിന്ന് കൈക്കലാക്കിയതിന്റെ പേരിലാണ് മൂന്നുപേരേയും തട്ടിക്കൊണ്ടുപോയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

Exit mobile version