പ്രതിസന്ധിയൊക്കെ എന്ത്? റെക്കോര്‍ഡ് വരുമാനവുമായി കെഎസ്ആര്‍ടിസി!

സാമ്പത്തിക പരാധീനതകളുടെ ഇടയില്‍ റെക്കോര്‍ഡ് വരുമാനം സ്വന്തമാക്കി കെഎസ്ആര്‍ടിസി.

തിരുവനന്തപുരം: എം പാനല്‍ ജീവനക്കാരുടെ സമരത്തിന്റെയും ആശങ്കയുടെയും സാമ്പത്തിക പരാധീനതകളുടെയും ഇടയില്‍ റെക്കോര്‍ഡ് വരുമാനം സ്വന്തമാക്കി കെഎസ്ആര്‍ടിസി. ഈ വര്‍ഷത്തെ റെക്കോര്‍ഡ് വരുമാനമാണ് മേയ് മാസത്തില്‍ കെഎസ്ആര്‍ടിസി നേടിയിരിക്കുന്നത്. 200.91 കോടി രൂപയാണ് മേയ് മാസത്തിലെ വരുമാനം. കഴിഞ്ഞ മേയിലാണ് ആദ്യമായി വരുമാനം 200 കോടി കവിഞ്ഞത്. അന്ന് 207.35 കോടിയായിരുന്നു വരുമാനം. ആ റെക്കോര്‍ഡ് മറികടക്കാനായില്ലെങ്കിലും തകര്‍പ്പന്‍ പ്രകടനമാണ് കെഎസ്ആര്‍ടിസി കാഴ്ചവയ്ക്കുന്നതെന്നാണ് ജീവനക്കാരുടെ പക്ഷം.

ജനുവരിയിലും ഏപ്രിലിലും വരുമാനം 189 കോടിയായിരുന്നു. റൂട്ടുകളുടെ ശാസ്ത്രീയമായ പുനഃക്രമീകരണം നടത്തിയതും പുതിയ ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചതുമാണ് കളക്ഷനിലെ ഈ കുതിപ്പിന് പ്രധാന കാരണമെന്ന് സിഎംഡി എംപി ദിനേശ് പറഞ്ഞു.

വടക്കന്‍ മേഖലകളില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആവശ്യപ്പെട്ടു കൊണ്ട് ദിനംപ്രതി അനേകം അപേക്ഷകളാണ് ലഭിക്കുന്നത്. ഈ റൂട്ടുകളിലെ പുതിയ സര്‍വീസുകളും കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകളും കൂടി ആരംഭിക്കുന്നതോടെ കളകക്ഷന്‍ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 176 ചെയിന്‍ സര്‍വീസുകളാണ് ഇപ്പോള്‍ കേരളത്തിലുടനീളം നടത്തുന്നത്.

Exit mobile version