മദ്യലഹരിയില്‍ സുഹൃത്തിനോട് മനസുതുറന്നു സംസാരിച്ചു; ചുരുളഴിഞ്ഞത് 27 വര്‍ഷം മുന്‍പത്തെ കൊലപാതക രഹസ്യം!

മഞ്ചേരി: മദ്യപാനത്തിനിടെ സുഹൃത്തിനോട് 27 വര്‍ഷം മുന്‍പത്തെ കൊലപാതക രഹസ്യം തുറന്ന് പറഞ്ഞ് പോലീസിന്റെ വലയിലായിരിക്കുകയാണ് സെബാസ്റ്റിയന്‍ (കുട്ടിയച്ചന്‍- 81). പൂക്കോട്ടൂര്‍ മൈലാടിയില്‍ ക്വാറിത്തൊഴിലാളിയെ കൊലചെയ്ത കേസിലെ ഒന്നാംപ്രതിയാണ് ഇയാള്‍.

തൊടുപുഴ പിണക്കാട്ട് സ്വദേശിയായ സെബാസ്റ്റ്യന്‍ 27 വര്‍ഷത്തിനുശേഷം മംഗളൂരുവില്‍നിന്നാണ് അറസ്റ്റിലായത്. മണ്ണാര്‍ക്കാട് പാറക്കല്‍ മുരളി (28) 1991ല്‍ ആണ് കൊല്ലപ്പെട്ടത്. പണമിടപാടിനെച്ചൊല്ലി ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്ന് ക്വാറിയിലെ ഉളികൊണ്ട് സെബാസ്റ്റ്യന്‍ മുരളിയെ കുത്തിക്കൊന്നുവെന്നാണ് കേസ്.

സംഭവശേഷം മംഗളൂരുവിലേക്കു കടന്ന ഇയാള്‍ കുട്ടിയച്ചന്‍, കുട്ടപ്പന്‍, ബാബു, മുഹമ്മദ് തുടങ്ങിയ പേരുകളില്‍ ജോലി ചെയ്തുവരികയായിരുന്നു. 30 വര്‍ഷമായി അകന്നു കഴിയുന്നതിനാല്‍ വീട്ടുകാര്‍ക്കും ഇയാളെക്കുറിച്ചു വിവരമൊന്നുമില്ലായിരുന്നു.

മംഗളൂരുവില്‍ താമസിക്കുന്ന മുറി ഒഴിയുന്നതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയുമായി പ്രശ്‌നമുണ്ടാകുകയും ക്വാറിയില്‍ ഉപയോഗിക്കുന്ന തിരകൊണ്ടുണ്ടാക്കിയ സ്‌ഫോടക വസ്തു എറിഞ്ഞ് കെട്ടിട ഉടമയെ പരുക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ മംഗലാപുരം പുത്തൂര്‍ പൊലീസില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്നു പോലീസ് പറഞ്ഞു. ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദേശപ്രകാരം സിഐ എന്‍ബി ഷൈജു, എസ്‌ഐ ജലീല്‍ കറുത്തേടത്ത്, പി മുഹമ്മദ് സലീം എന്നിവരാണ് അറസ്റ്റ് ചെയ്തത്.

വാടകയ്ക്കു താമസിച്ച കെട്ടിടത്തിന്റെ ഉടമയ്ക്കുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ കേസില്‍ പ്രതിയായ സെബാസ്റ്റ്യന്റെ ചരിത്രം കിട്ടാന്‍ സുഹൃത്തിന്റെ മൊഴിയെടുത്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്.

ഒരുമിച്ചു മദ്യപിച്ചപ്പോള്‍, പഴയ കൊലപാതക രഹസ്യം അറിയാതെ പറഞ്ഞുപോവുകയായിരുന്നു. 3 ആഴ്ച മുന്‍പാണ് കേരള പോലീസിന് ഇതുസംബന്ധിച്ച് സന്ദേശം ലഭിച്ചത്. കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ഏതോ ഒരു ക്വാറിയില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന കൊലപാതകത്തില്‍ പങ്കുള്ളതായി സംശയിക്കുന്നയാള്‍ മറ്റൊരു കേസില്‍ കസ്റ്റഡിയിലുണ്ടെന്നായിരുന്നു പുത്തൂര്‍ പൊലീസിന്റെ സന്ദേശം.

Exit mobile version