‘താന്‍ മോഡിയല്ല; കള്ളം പറയാറില്ല’; ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് കേന്ദ്രം നിര്‍ദേശിച്ചതുകൊണ്ട്; തെളിവു ചോദിച്ച ബിജെപിക്ക് മറുപടിയുമായി മുഖ്യമന്ത്രി

കണ്ണൂര്‍: യുവതീപ്രവേശന വിധിയെ തുടര്‍ന്ന് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ചത് കേന്ദ്ര സര്‍ക്കാര്‍ തന്നെയെന്ന് തെളിവു സഹിതം വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ഉത്തരവ് മുഖ്യമന്ത്രി ഉയര്‍ത്തി കാണിച്ചാണ് തെളിവ് വെളിപ്പെടുത്തിയത്. നേരത്തെ കേന്ദ്രത്തിന്റെ ഉത്തരവിന് തെളിവുണ്ടോ എന്ന ചോദ്യവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഉത്തരവ് വായിച്ചത്.

ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശബരിമലയുടെ വെളിച്ചത്തില്‍ കൃത്യമായ നടപടി എടുക്കണം എന്നാണ് 11034/01/2018 ഐഎസ് ഐബി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ആഭ്യന്തര സുരക്ഷ, ഫസ്റ്റ് ഡിവിഷന്‍ എന്ന സര്‍ക്കുലറില്‍ പറയുന്നത്. ഇതിനിടെ, തെളിവുണ്ടോ എന്ന ബിജെപിയുടെ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍. ഞാന്‍ നരേന്ദ്ര മോഡിയാണെന്നാണ് കരുതിയാണോ ഈ ചോദ്യം ചോദിക്കുന്നത്. ഞാന്‍ കളവ് പറയാറില്ല. നിങ്ങള്‍ ഇത് ചോദിക്കും എന്നതിനാലാണ് തെളിവുമായി വന്നത് എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വംശഹത്യയുടെ വക്താക്കളെ എത്തിച്ച് റോഡ് ഷോ നടത്തുകയാണ് കേരളത്തില്‍ എന്ന് മുഖ്യമന്ത്രി അമിത് ഷായെ പരോക്ഷമായി പരാമര്‍ശിച്ച് വിമര്‍ശനമുന്നയിച്ചു.

Exit mobile version