കെ സുധാകരന്റെ പ്രചാരണ വീഡിയോ സ്ത്രീ വിരുദ്ധം; അണിയറക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എംവി ജയരാജന്‍

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യം കടുത്ത സ്ത്രീ വിരുദ്ധ ആശയം നിറഞ്ഞതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. സുധാകരന്‍ ഫേസ്ബുക്ക് പേജില്‍ ഇട്ട പരസ്യം സ്ത്രീവിരുദ്ധമാണെന്നും സ്ത്രീയെ ഒന്നിനും കൊള്ളാത്തവളായി ചിത്രീകരിക്കുന്നതാണുമെന്നും എംവി ജയരാജന്‍ ആരോപിച്ചു. പുരുഷന്‍ മാത്രമാണ് നല്ലതെന്നുള്ള വേര്‍തിരിവുണ്ടാക്കുന്നതാണ് പരസ്യമെന്നും പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ജയരാജന്‍ വ്യക്തമാക്കി.

‘ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്ന കുറിപ്പോടെ സുധാകരന്‍ ഫേസ്ബുക്കില്‍ പങ്ക് വച്ച ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള പ്രചരണ പരസ്യമാണ് വിവാദമായിരിക്കുന്നത്. കാര്യം നടക്കണമെങ്കില്‍ പെണ്ണുങ്ങളെ അയച്ചിട്ട് കാര്യമില്ലെന്നു തുടങ്ങുന്ന നിരവധി സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളാണ് കെ സുധാകരന്റെ പരസ്യത്തിലുള്ളത്. വീഡിയോയ്‌ക്കെതിരെ സോഷ്യല്‍മീഡിയയിലും പൊതുജനങ്ങള്‍ക്കിടയിലും ശക്തമായ പ്രതിഷേധം ഉയരുകയാണ്.

നേരത്തെ, പ്രചാരണത്തിന്റെ ഭാഗമായി കെ സുധാകരന്‍ പുറത്തിറക്കിയ ആദ്യ വീഡിയോയില്‍, വിജയിച്ചാല്‍ ബിജെപിയിലേക്ക് പോകില്ലെന്ന് സൂചിപ്പിക്കുന്ന ഭാഗം ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ വീഡിയോയും വിവാദത്തിലായിരിക്കുന്നത്. സ്വത്ത് ഭാഗം വെക്കലെന്ന് ധ്വനിപ്പിക്കുന്ന കഥാസന്ദര്‍ഭവുമായി ബന്ധപ്പെട്ടാണ് സ്ത്രീകള്‍ കഴിവുകെട്ടവരാണെന്നും പഠിപ്പിച്ച് ടീച്ചറാക്കിയിട്ടൊന്നും ഒരു കാര്യവുമില്ലെന്നുമുള്ള പരാമര്‍ശം വീഡിയോയില്‍ കടന്നുവരുന്നത്.

Exit mobile version