‘നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ പരാതി എഴുതിത്തരണം’; ജലക്ഷാമത്തെ കുറിച്ച് പരാതി പറഞ്ഞ വോട്ടർമാരോട് കയർത്ത് ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ; വിവാദം

ഭോപ്പാൽ: എൻഡിഎ സ്ഥാനാർത്ഥി ജ്യോതിരാദിത്യ സിന്ധ്യയ്ക്കായി വോട്ട് തേടി ഇറങ്ങിയ അദ്ദേഹത്തിന്റെ ഭാര്യ പ്രിയദർശിനി രാജെ വോട്ടർമാരോട് കയർത്ത് വിവാദത്തിൽ. വോട്ടർമാരായ സ്ത്രീകൾ തങ്ങളുടെ പരാതി പറഞ്ഞപ്പോൾ അവരോട് മോശമായി പെരുമാറുകയും ആക്രോശിക്കുകയും ചെയ്യുകയായിരുന്നു പ്രിയദർശിനി. വീഡിയോ വൈറലായതോടെ വലിയ വിമർശനാണ് പ്രിയദർശിനിക്ക് എതിരെ ഉയരുന്നത്.

മധ്യപ്രദേശിലെ ഗുണ ലോക്‌സഭ മണ്ഡലത്തിലാണ് ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്നത്. മണ്ഡലത്തിൽ ഉൾപ്പെട്ട ഖുജ്രി ഗ്രാമത്തിൽ ഭർത്താവിന് വോട്ട് തേടിയെത്തിയ പ്രിയദർശിനി പ്രകോപിതയാവുകയായിരുന്നു.

ജലക്ഷാമത്തെക്കുറിച്ചും ജലലഭ്യതയിലെ കുറവിനെക്കുറിച്ചും ഗ്രാമത്തിലെ സ്ത്രീകൾ പരാതിയുമായി പ്രിയദർശിനിയുടെ അടുത്തെത്തുകയായിരുന്നു. അവർ കാറിൽ ഇരുന്നുകൊണ്ട് തന്നെ സ്ത്രീകളോട് സംസാരിക്കുന്നതാണ് വീഡിയോയിൽ. ‘പരാതി എഴുതി നൽകിയാൽ നടപടിയെടുക്കാം’ എന്നാണ് ഇവരോട് പ്രിയദർശിനി മറുപടിയായി പറഞ്ഞത്. ഇതോടെ ‘നിങ്ങൾ തന്നെ പരാതിയായി എഴുതൂ’ എന്ന് കൂട്ടത്തിലുള്ള സ്ത്രീകളിലൊരാൾ പ്രിയദർശിനിയോട് പറഞ്ഞു.

ഇക്കാര്യം കേട്ടതോടെ ദേഷ്യപ്പെട്ട പ്രിയദർശിനി, ‘നിങ്ങൾക്ക് വേണമെങ്കിൽ അത് എഴുതി എനിക്ക് നൽകുക. നിങ്ങളുടെ പണി നിങ്ങൾ തന്നെ എടുക്കണം’ എന്നുപറഞ്ഞ് പ്രിയദർശിനി ആക്രോശിക്കുകയായിരുന്നു. വെള്ളമില്ലാത്ത ഗ്രാമത്തിലേക്ക് തങ്ങളുടെ പെൺമക്കളെ വിവാഹം ചെയ്തയക്കാൻ മറ്റ് സ്ഥലങ്ങളിലുള്ളവർ തയാറാവാത്തതിനാൽ ഗ്രാമത്തിലെ തങ്ങളുടെ ആൺമക്കളുടെ വിവാഹം നടക്കാത്ത അവസ്ഥ പോലുമുണ്ടെന്നാണ് ഈ സ്ത്രീകൾ പ്രിയദർശിനിയെ ബോധിപ്പിച്ചത്.

ALSO READ- ‘തൃശൂരിന് വേണ്ടിയല്ല, കേരളത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടയാളാകും; അഞ്ച് മന്ത്രിമാരെ ചൊൽപ്പടിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു’: സുരേഷ് ഗോപി

‘നിങ്ങൾ ഇവിടെയുള്ള വാട്ടർടാങ്ക് വന്നുനോക്കൂ, ഒരുതുള്ളി വെള്ളം അതിലില്ല’ എന്നും ഒരു സ്ത്രീ അവരോട് പറയുന്നുണ്ട്. എന്നിട്ടും അവരെ ആശ്വസിപ്പിക്കുന്നതിന് പകരം കയർത്ത് സംസാരിച്ച പ്രിയദർശിനി രാജെ വലിയ രീതിയിൽ വിമർശിക്കപ്പെടുകയാണ്.

Exit mobile version