കന്യാകുമാരിയിൽ സ്വകാര്യ ബീച്ചിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു; മരിച്ചവരിൽ രണ്ട് പെൺകുട്ടികളും

കന്യാകുമാരി: കടൽക്ഷോഭത്തിൽ വീണ്ടും തമിഴ്‌നാട്ടിൽ ജീവൻ പൊലിഞ്ഞു. കന്യാകുമാരിയിലെ സ്വകാര്യ ബീച്ചിൽ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. മരിച്ചവരിൽ രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്നു. തഞ്ചാവൂർ സ്വദേശി ഡി ചാരുകവി (23), നെയ്വേലി സ്വദേശി ബി ഗായത്രി (25), കന്യാകുമാരി സ്വദേശി പി സർവദർശിത് (23), ഡിണ്ടിഗൽ സ്വദേശി എം പ്രവീൺ സാം (23), ആന്ധ്രാപ്രദേശിൽനിന്നുള്ള വെങ്കടേഷ് (24) എന്നിവരാണ് മരണപ്പെട്ടത്.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ് മരിച്ചവർ. സഹപാഠിയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ 12 വിദ്യാർഥികൾ സംഘമായാണ് നാഗർകോവിലിൽ എത്തിയത്. ഞായറാഴ്ച നടന്ന വിവാഹത്തിനു ശേഷം ഇവർ കന്യാകുമാരിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

കന്യാകുമാരിയിലെ ലെമൂർ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ ശക്തമായ തിരയിൽ പെട്ടുപോകുകയായിരുന്നു. ഏഴുപേരാണ് കുളിക്കുന്നതിന് കടലിലിറങ്ങിയത്, മറ്റുള്ളവർ കരയിൽ ഇരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരാണ് അപകടവിവരം നാട്ടുകാരെയും പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികളെയും അറിയിച്ചത്.

Also read- രണ്ടാനച്ഛനും അമ്മയും ചേർന്ന് കൊന്ന പിഞ്ചോമനയ്ക്ക് അരികിൽ അവനും ഉറങ്ങി; കൊച്ചിയിൽ അമ്മ എറിഞ്ഞുകൊലപ്പെടുത്തിയ കുഞ്ഞിന്റെ സംസ്‌കാരം നടത്തി പോലീസും കോർപ്പറേഷനും

മത്സ്യത്തൊഴിലാളികൾ കടലിൽ തിരച്ചിൽ ആരംഭിക്കുകയും മുങ്ങിപ്പോയ രണ്ടുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇവർ കന്യാകുമാരിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം കണ്ടുനിന്ന രണ്ട് വിദ്യാർഥികൾ കുഴഞ്ഞുവീണതിനെ തുടർന്ന് ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൂത്തുക്കുടി, കന്യാകുമാരി മേഖലയിൽ കടൽക്ഷോഭത്തിനുള്ള സാധ്യതയുണ്ടെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കടൽക്ഷോഭത്തിൽ തമിഴ്നാട്ടിൽ മറ്റ് മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Exit mobile version