‘ചിലരെന്നെ ഭ്രാന്തനെന്ന് വിളിച്ചേക്കാം, പക്ഷേ, എന്നെ ദൈവം ഒരു ലക്ഷ്യത്തിനായി നിയോഗിച്ചിരിക്കുകയാണ്’: നരേന്ദ്ര മോഡി

ന്യൂഡൽഹി: ദൈവം തന്നെ ഒരു പ്രത്യേക ലക്ഷ്യത്തിനായാണ് നിയോഗിച്ചിരിക്കുന്നതെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആ ദൗത്യം പൂർത്തിയാകുന്നതുവരെ താൻ പ്രവർത്തിക്കും. തന്നിൽ വിശ്വാസമുള്ളവർക്കു വേണ്ടി പ്രവർത്തിക്കുകയെന്നതാണ് തന്റെ കടമയെന്ന് മോഡി എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തനിക്ക് നേരെ വിഡ്ഢിത്തം നിറഞ്ഞ അധിക്ഷേപങ്ങൾ ചൊരിയുന്നവരെ നിങ്ങൾക്ക് കാണാനാകും. തന്നെക്കുറിച്ച് നല്ലതു പറയുന്നവരെയും കാണാൻ കഴിയും. എന്നിൽ വിശ്വാസമർപ്പിച്ചിരിക്കുന്നവരെ വേദനിപ്പിക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്യാതിരിക്കുക എന്നതാണ് തന്റെ ദൗത്യം.

എന്നാൽ ചിലരെന്നെ ഭ്രാന്തനെന്ന് വിളിച്ചേക്കാം. പക്ഷേ, എനിക്ക് ബോധ്യമുണ്ട് പരമാത്മാവ് (ദൈവം) തന്നെ ഒരു ലക്ഷ്യത്തിനായി നിയോഗിച്ചിരിക്കുകയാണെന്ന്. ആ ദൗത്യം പൂർത്തീകരിക്കുന്നതോടെ തന്റെ ജോലി അവസാനിക്കുമെന്നും മോഡി പറയുന്നു.

ഒരുപാട് ജോലികൾ ചെയ്യാൻ ദൈവം തന്നെ നയിക്കുന്നുണ്ട്. പക്ഷേ, വലിയ ദൗത്യം എന്തെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഉദ്ദേശ്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്നുണ്ട്. അടുത്തത് എന്തെന്ന് തനിക്ക് നേരിട്ട് വിളിച്ചു ചോദിക്കാനും കഴിയില്ലല്ലോ എന്നാണ് മോഡി പറഞ്ഞത്.

ALSO READ-‘കൺമണി അൻപോട്’ സിനിമയിൽ ഉപയോഗിച്ചത് അനുമതി വാങ്ങിയ ശേഷം; ഇളയരാജയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമ്മാതാക്കൾ

പ്രതിപക്ഷത്തെ വിലകുറച്ചു കാണുന്നില്ല. വാക്കുകളാൽ നിരന്തരം തനിക്കെതിരെ ആക്രമണം നടത്തിയിട്ടും അവരെ ശത്രുക്കളായി കാണുന്നില്ല. രാജ്യത്തെ മുന്നോട്ടുനയിക്കാൻ പ്രതിപക്ഷനേതാക്കൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും മോഡി വിശദീകരിച്ചു.

അവരെ വിലകുറച്ചുകാണുന്നുമില്ല. 60-70 വർഷം സർക്കാർ രൂപീകരിച്ചത് അവരാണ്. അവർ ചെയ്തതിൽ നിന്ന് നല്ല കാര്യങ്ങൾ പഠിക്കണമെന്നുണ്ട്. പഴയ മനസ്ഥിതിയാണ് ഉപേക്ഷിക്കപ്പെടേണ്ടതെന്നും മോഡി വിശദീകരിച്ചു. ഈ തിരഞ്ഞെടുപ്പിൽ എൻഡിഎ ചരിത്ര വിജയം നേടുമെന്നും അദ്ദേഹം അഭിമുഖത്തിൽ അവകാശപ്പെട്ടു.

Exit mobile version