ശശിതരൂരിന് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ ഭയമോ.? കോണ്‍ഗ്രസ് പ്രദേശിക നേതാക്കള്‍ ഓടി ഒളിക്കുന്നു; പരാതി നല്‍കാന്‍ ഒരുങ്ങി ഡിസിസി ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂരിന്റെ പ്രചാരണത്തിന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളടക്കം പങ്കെടുക്കുന്നില്ലെന്ന് പരാതി. നേതാക്കള്‍ ഒളിച്ചോടുന്നുവെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു. തിരുവനന്തപുരത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷാണ് നേതാക്കള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. മണക്കാട് മണ്ഡലത്തിന്റെ ചുമതലയുള്ള സതീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിഷേധം അറിയിച്ചത്.

പലസ്ഥലങ്ങളിലും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം നിര്‍ജീവമാണെന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പോസ്റ്റിനടിയില്‍ കമന്റ് ചെയ്യുന്നുണ്ട്. കൂടെയുള്ളവര്‍ ശശി തരൂരിനെ തോല്‍പ്പിക്കാന്‍ നടക്കുകയാണ്, പ്രധാന നേതാക്കള്‍ക്കൊന്നും പ്രചാരണത്തിന് താല്‍പര്യമില്ല എന്നിങ്ങനെയാണ് കമന്റുകള്‍.

പല കോണ്‍ഗ്രസ് നേതാക്കളും ആര്‍എസ്എസ് മനസ്സുമായി നടക്കുകയാണെന്നും സതീഷ് സമ്മതിക്കുന്നുണ്ട്. നേമത്ത് കോണ്‍ഗ്രസ് ബിജെപിക്ക് വോട്ടുചെയത്പോലെ ആവര്‍ത്തിക്കരുതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

അതേസമയം ശശിതരൂരിന് വേണ്ടി പ്രചാരണരംഗത്ത് ഇറങ്ങാന്‍ തയ്യറാകാതെ ഓടി ഒളിക്കുന്ന പ്രാദേശിക നേതാക്കള്‍ക്കെതിരെ പരാതി നല്‍കുമെന്ന് തമ്പാനൂര്‍ സതീഷ് വ്യക്തമാക്കി.

Exit mobile version