പൂഞ്ഞാര്‍ സിംഹത്തിന് വന്‍ തിരിച്ചടി, പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയില്‍ കൂട്ട രാജി; രാജിവെച്ചവരെ സ്വീകരിച്ച് സിപിഎം

കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ ജനപക്ഷം പാര്‍ട്ടിക്കകത്ത് വന്‍ പ്രതിഷേധം പുകയുന്നു. കഴിഞ്ഞ ദിവസം ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് കൂട്ടരാജിയായിരുന്നു. പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പിസി ജോര്‍ജ് അടക്കം ചില മുതിര്‍ന്ന നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചതാണ് പാര്‍ട്ടി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. തുടര്‍ന്നായിരുന്നു കൂട്ട രാജി.

പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു. പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റെ കുഞ്ഞുമോന്‍ പവ്വത്തിലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരുടെ രാജി. രാജിവെച്ച പ്രവര്‍ത്തകര്‍ക്ക് ഇന്നലെ മുണ്ടക്കയം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സ്വീകരണം നല്‍കി.

നേരത്തെ പിസി പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി ആകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് കെ സുരേന്ദ്രനെ പിന്തുണയാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നേരത്തേയും പ്രതിഷേധം ഉണ്ടായിരുന്നു. ശബരിമല വിഷയമടക്കം ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പിസിയ്ക്ക്. ഇതിനുപുറമെ ബിജെപിയെ നല്ലപാര്‍ട്ടിയായി കാണുന്നെന്നും പിസി ജോര്‍ജ് പ്രതികരിച്ചിരുന്നു. ഇതെല്ലാം തന്നെ പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കുന്നതിന് കാരണമായിരുന്നു..

Exit mobile version