കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട; സുരേഷ് ഗോപി നടത്തിയത് ചട്ടലംഘനം തന്നെ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട; സുരേഷ് ഗോപി നടത്തിയത് ചട്ടലംഘനം തന്നെ; ബിജെപിയുടെ വായടപ്പിച്ച് അനുപമയ്ക്ക് പിന്തുണയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തൃശ്ശൂര്‍: ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം കാറ്റില്‍ പറത്തി തൃശ്ശൂരില്‍ പ്രചാരണം നടത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ചട്ടലംഘനമാണ് നടത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കളക്ടറുടെ നടപടി ഉചിതമാണെന്നും ചട്ടം ആരും കളക്ടറെ പഠിപ്പിക്കേണ്ടെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ ഓര്‍മ്മപ്പെടുത്തി. കളക്ടറെ വിമര്‍ശിച്ച നടപടി തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് ഉറപ്പായും അലയടിക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസംഗത്തിന് പിന്നാലെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അനുപമ വിഷയത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായാണ് ബിജെപിയും സുരേഷ് ഗോപിയും രംഗത്തെത്തിയത്. ഇതോടെയാണ് സംഭവത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇടപെട്ടിരിക്കുന്നത്.

സുരേഷ് ഗോപിയുടെ പ്രസംഗത്തിന് പിന്നാലെ വിശദീകരണം തേടിയ കളക്ടറെ അപമാനിക്കുന്നതായിരുന്നു ബിജെപി നേതാക്കളുടെ വാക്കുകള്‍. കളക്ടര്‍ പ്രശസ്തിക്ക് വേണ്ടിയാണ് നടപടിയെടുത്തതെന്നും രാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വിമര്‍ശനം. ഇതിനു തൊട്ടുപിന്നാലെ, സ്വന്തം ഇഷ്ടദേവന്റെ പേര് ഉച്ചരിക്കാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണെന്ന വാദവുമായി സുരേഷ് ഗോപിയും രംഗത്തെത്തിയിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ് സുരേഷ് ഗോപിയും രംഗത്തെത്തിയത്.

‘അയ്യന്‍ എന്ന പദത്തിന്റെ അര്‍ത്ഥം എന്താണെന്ന് പരിശോധിക്കൂ. ഞാന്‍ ഒരിക്കലും വിശ്വാസത്തിന്റെ പേരില്‍ വോട്ട് തേടിയിട്ടില്ല. സ്വന്തം ഇഷ്ടദേവന്റെ പേര് ഉച്ചരിക്കാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണ്. ഇതിന് ജനം മറുപടി നല്‍കും. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കില്ലെന്ന് പ്രസംഗത്തില്‍ തന്നെ പറഞ്ഞതാണ്. ഇതെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തും’- സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ.

Exit mobile version