രാഹുല്‍ വയനാട്ടിലേക്ക് വരുന്നത് ചിലര്‍ മുടക്കുന്നു; പ്രതീക്ഷ അവസാനിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി രണ്ടാം മണ്ഡലമായി വയനാടിനെ തെരഞ്ഞെടുക്കാനുള്ള സാധ്യത അവസാനിച്ചിട്ടും പ്രതീക്ഷ കൈവിടാതെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം വൈകുന്നത് ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ ആണെന്നും അങ്ങനെ സംഭവിച്ചാല്‍ പ്രഖ്യാപനം വൈകില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

രാഹുല്‍ഗാന്ധി വരാതിരിക്കാന്‍ ചില പ്രസ്ഥാനങ്ങള്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇത് വൈകാതെ വെളിപ്പെടുമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. രാഹുല്‍ വരുമെന്ന് അറിയിച്ചതോടെ ഉറക്കം നഷ്ടമായത് ഇടതുപക്ഷത്തിനാണ്. രാഹുല്‍ കേരളത്തില്‍ മത്സരിക്കരുതെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്ത് അവകാശമുണ്ടെന്നും ഇക്കാര്യം മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുല്‍ വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും, എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും രാഹുല്‍ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുല്ലപ്പള്ളി വിശദീകരിച്ചു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം വൈകുന്നത് പ്രവര്‍ത്തകരെ നിരാശയിലാക്കുന്നുണ്ടെന്നാണ് വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പ്രതികരിച്ചത്.

Exit mobile version