രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമോയെന്ന് തീരുമാനിക്കാനായില്ല; യോഗം നാളെ; മുല്ലപ്പള്ളിയുടെ വാര്‍ത്താസമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: വയനാടിനെ ദേശീയപ്രധാന്യത്തിലേക്ക് ഉയര്‍ത്തിയ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമായില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ തീരുമാനം നാളെ അറിയാം. കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളത്തേക്ക് മാറ്റി.

അതേസമയം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇന്നത്തെ വാര്‍ത്താസമ്മേളം റദ്ദാക്കി. ഇന്ന് 11 മണിയ്ക്ക് മുല്ലപ്പള്ളി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടാല്‍ മതിയെന്നാണ് പുതിയ തീരുമാനം. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇന്ന് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നത്.

ഇതിനിടെ, വയനാട് ലോക്സഭാ സീറ്റില്‍ നിന്ന് മത്സരിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് രാഹുല്‍ഗാന്ധിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് സൂചനകള്‍ വന്നതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ധീക്ക് പിന്മാറുന്നതായി അറിയിച്ചിരുന്നു.

Exit mobile version