സസ്‌പെന്‍സ് കളയാതെ ബിജെപി; പത്തനംതിട്ടയും കെ സുരേന്ദ്രനുമില്ലാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; തൃശ്ശൂരിലെ അണികള്‍ക്ക് രോഷം

k-surendran

തൃശ്ശൂര്‍: ഇത്തവണ എന്തുതന്നെ സംഭവിച്ചാലും തൃശ്ശൂരില്‍ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായാല്‍ വിജയിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു പ്രദേശിക പാര്‍ട്ടി നേതൃത്വവും അണികളും. എന്നാല്‍ ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ ഉറപ്പിച്ചുവെന്നാണ് പുറത്തുവന്ന സ്ഥാനാര്‍ത്ഥി പട്ടിക സൂചിപ്പിക്കുന്നത്. ഇതോടെ തൃശ്ശൂര്‍ ജില്ലാക്കമ്മിറ്റി നിരാശയിലുമായി. കെ സുരേന്ദ്രനേയും പത്തനംതിട്ടയേയും പരാമര്‍ശിക്കാതെയാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. സസ്‌പെന്‍സ് പൊളിയാതിരിക്കാന്‍ പരസ്യപ്രതികരണത്തിനു നേതാക്കളാരും തയ്യാറായിട്ടുമില്ല.

കെ സുരേന്ദ്രന് വേണ്ടി വാദിച്ചിരുന്ന തൃശ്ശൂരിലെ നേതൃത്വത്തിന് ബിഡിജെഎസിനു സീറ്റ് വിട്ടുകൊടുത്തതില്‍ അമര്‍ഷമുണ്ടെന്നാണ് സൂചന. എങ്കിലും തുഷാര്‍ വെള്ളാപ്പള്ളിക്ക് മത്സരിക്കാന്‍ മാറ്റിവെച്ച തൃശ്ശൂരില്‍ ബിഡിജെഎസ് നിലപാട് അറിഞ്ഞശേഷം മാത്രമായിരിക്കും സുരേന്ദ്രന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. പത്തനംതിട്ടയിലെയും തൃശ്ശൂരിലെയും ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനായി മുറവിളി കൂട്ടുന്നുണ്ട്. അതേസമയം, സീറ്റിനെ കുറിച്ച് ചര്‍ച്ചനടക്കുമ്പോള്‍ തന്നെ തൃശ്ശൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ ചുമരുകളില്‍ താമര വരച്ചുവെച്ച് പണി വാങ്ങിയിരിക്കുകയാണ്. ബിഡിജെഎസിന് തൃശ്ശൂര്‍ നല്‍കുന്നതോടെ താമര പറിച്ച് കുടത്തിലാക്കേണ്ടി വരും.

നേരത്തെ തൃശ്ശൂര്‍ ഉറപ്പിച്ച സുരേന്ദ്രന്‍ നിരന്തരം തൃശ്ശൂരില്‍ ക്യാമ്പ് ചെയ്തായിരുന്നു പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ 1.2 ലക്ഷം വോട്ട് നേടിയ സുരേന്ദ്രന്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു ലക്ഷത്തിലേറെ വോട്ട് നേടിയതും പാര്‍ട്ടിക്ക് പ്രതീക്ഷയുണ്ടാക്കുന്നതാണ്. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ത്ത കുടുംബ യോഗങ്ങളില്‍ ഭൂരിപക്ഷത്തിലും ‘ഭാവി സ്ഥാനാര്‍ത്ഥി’ സുരേന്ദ്രനെ പങ്കെടുപ്പിക്കുകയും ചെയ്തു. ഇതിനിടയിലാണ് സീറ്റ് ബിഡിജെഎസിനെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കിയത്.തുഷാര്‍ മത്സരിക്കുമോയെന്ന് വ്യക്തമാക്കിയാല്‍ കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിലും വ്യക്തതയുണ്ടാകും. പത്തനംതിട്ടയില്‍ പൊതുസമ്മതനായ സ്വതന്ത്രനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്.

Exit mobile version