ടോം വടക്കന്‍ ബിജെപിയിലെത്തിയത് എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചാണെന്ന് കരുതുന്നില്ല; ഇനിയും ബിജെപിയിലേക്ക് നേതാക്കളെത്തുമെന്നും കുമ്മനം

പത്തനംതിട്ട: ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍. പ്രതിപക്ഷ നിരയിലുള്ള വിള്ളല്‍ വ്യക്തമാക്കുന്നതാണ് ടോം വടക്കന്റെ പാര്‍ട്ടി മാറ്റം സൂചിപ്പിക്കുന്നതെന്നും കുമ്മനം പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഇനിയും നേതാക്കള്‍ വരുമെന്നും. ശബരിമല ദര്‍ശനത്തിനായി നിലയ്ക്കലില്‍ എത്തിയപ്പോഴായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

മൂന്ന് ദിവസം മുമ്പ് വരെ കോണ്‍ഗ്രസിനായി വാദിച്ചും ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയും പൊതു വേദികളിലെത്തിയിരുന്ന ടോം വടക്കന്‍ ഇന്ന് രാവിലെയാണ് നിലപാട് അട്ടിമറിച്ച് ബിജെപിക്കൊപ്പം പോയതും മെമ്പര്‍ഷിപ്പ് കൈപ്പറ്റിയതും. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വടക്കന്‍ ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് ദിവസത്തിനിടെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ ടോം വടക്കന്‍ മാധ്യമങ്ങളോട് പറയുകയും ചെയ്തു. േ

സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിരന്തര ആവശ്യം കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതിന്റെ പ്രതിഷേധമാണ് വടക്കനെ ബിജെപിക്കൊപ്പം പോകാനുള്ള തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലും ടോം വടക്കനെ മാറ്റി നിര്‍ത്തിയുള്ള പട്ടികയാണ് ഹൈക്കമാന്റ് പരിഗണിക്കുന്നതും. ഇതില്‍ ടോം വടക്കന് വലിയ പ്രതിഷേധം ഉണ്ടായിരുന്നു.

Exit mobile version