ബിജെപിയുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്കായി കോര്‍ കമ്മിറ്റി ഇന്ന്; തുഷാര്‍ അമിത് ഷായെ കാണും; കെ സുരേന്ദ്രന്റെ തൃശ്ശൂര്‍ സീറ്റ് തെറിക്കാന്‍ സാധ്യത

തിരുവനന്തപുരം: അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപം നല്‍കാനായി ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത്. അതിനിടെ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നതിലും തീരുമാനമുണ്ടായേക്കും.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ വൈകാതെ സ്ഥാനാര്‍ത്ഥികളെ രംഗത്ത്ഇറക്കാനാണ് ബിജെപി ശ്രമം. ചര്‍ച്ചകള്‍ പലവഴിക്ക് പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് കുമ്മനവും കോട്ടയത്ത് പിസി തോമസുമാണ് ഇതിനകം സീറ്റ് ഉറപ്പിച്ച സ്ഥാനാര്‍ത്ഥികള്‍. സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്നതില്‍ ദേശീയ നേതൃത്വമാണ് അന്തിമതീരുമാനമെടുത്താല്‍ പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍പിള്ളയ്ക്കാണ് സാധ്യത. അല്ലെങ്കില്‍, പന്തളം രാജകുടുംബാംഗം ശശികുമാരവര്‍മ്മയെ വീണ്ടും പരിഗണിക്കുന്നതായും വിവരമുണ്ട്.

ഡല്‍ഹിയിലെത്തിയ തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് അമിത്ഷായുമായി നടത്തുന്ന ചര്‍ച്ചക്ക് ബിജെപി പട്ടികയുമായി ബന്ധമുണ്ട്. തുഷാര്‍ മത്സരിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് അദ്ദേഹം അമിത് ഷായെ കാണുന്നത്.

തുഷാര്‍ മത്സരിത്തിനിറങ്ങുന്ന പക്ഷം തൃശ്ശൂര്‍ ബിഡിജെഎസിന് നല്‍കേണ്ട സാഹചര്യമുണ്ട്. അങ്ങനെയങ്കില്‍ തൃശ്ശൂരില്‍ താല്‍പര്യമുള്ള കെ സുരേന്ദ്രന് പുതിയ സീറ്റ് കണ്ടെത്തേണ്ടിവരും. പാലക്കാട് ശോഭാ സുരേന്ദ്രന്‍, കാസര്‍ക്കോട് പികെ കൃഷ്ണദാസ്, കോഴിക്കോട് എംടി രമേശ് കണ്ണൂരില്‍ സികെ പത്മനാഭന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത.

ആലപ്പുഴയില്‍ പിഎസ്‌സി മുന്‍ ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണനെയും കൊല്ലത്ത് ആനന്ദബോസിനെയും പരിഗണിക്കുന്നുണ്ട്. ഒരു സീറ്റില്‍ ഒന്നിലധികം പേരുള്ള പട്ടികയാകും തയ്യാറാക്കുക. കോര്‍ കമ്മിറ്റി തയ്യാറാക്കുന്ന പട്ടികയില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അംഗീകാരത്തോടെ പ്രഖ്യാപിക്കും

Exit mobile version