10 മിനിറ്റ് നേരം ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുക, അതായിരുന്നു ശബരിമലയിലെത്തിയ സ്ത്രീകളുടെ ലക്ഷ്യം; ആക്ഷേപിച്ച് കണ്ണന്താനം

തിരുവനന്തപുരം: ശബരിമലയില്‍ എത്തിയ സ്ത്രീകള്‍ പ്രശസ്തിക്ക് വേണ്ടിയാണ് അത്തരത്തിലൊരു പ്രവര്‍ത്തിക്ക് മുതിര്‍ന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അവരുടെ ഉദ്ദേശ്യം അയ്യപ്പനെ കാണുക എന്നതല്ലായിരുന്നുവെന്നും ക്രമസമാധാനം തകര്‍ക്കാനാണ് അവരെത്തിയതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ആരാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചത്? പള്ളിയില്‍ പോകാത്ത ഒരു മുസ്ലിം സ്ത്രീ. അവരെന്താണു തെളിയിക്കാന്‍ ശ്രമിച്ചത്? പള്ളിയില്‍ പോകാത്ത മറ്റൊരു ക്രിസ്ത്യന്‍ സ്ത്രീയും ഉണ്ടായിരുന്നു. ക്യാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാനാണ് അവരങ്ങനെ ചെയ്തത്. 10 മിനിറ്റ് നേരം ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുക എന്നതായിരുന്നു അവരുടെ ആവശ്യം. ഇതൊന്നും സ്വീകാര്യമല്ല. കേരളത്തിലെ ജനങ്ങള്‍ക്ക് അയ്യപ്പനോട് ഒരു പ്രത്യേക സ്‌നേഹമുണ്ട്. അതിനെ നമ്മള്‍ ബഹുമാനിക്കണം- മന്ത്രി പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്കെതിരെയും കണ്ണന്താനം ഇന്നലെ ആഞ്ഞടിച്ചിരുന്നു. അമിത് ഷായുടെ ശരീരത്തെപ്പറ്റിയുളള മുഖ്യമന്ത്രിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണ്. പിണറായി വിജയന്‍ അമിത് ഷായെ അധിക്ഷേപിച്ചു. ജനവികാരം മാനിച്ചില്ലെങ്കില്‍ ജനം സര്‍ക്കാരിനെ വലിച്ചിടുമെന്നാണ് അമിത് ഷാ പറഞ്ഞത്. യഥാര്‍ഥ പ്രശ്‌നത്തില്‍നിന്ന് ശ്രദ്ധതിരിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കണ്ണന്താനം ആരോപിച്ചു.

Exit mobile version