കണ്ണന്താനത്തിന്റെ വിമര്‍ശനം വ്യക്തിപരം, അദ്ദേഹം പരിഭാഷകനല്ല..! അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ പിഴവ് കണ്ടെത്തിയ കണ്ണന്താനത്തെ തള്ളി വി മുരളീധരന്‍

കൊച്ചി: കഴിഞ്ഞദിവസം കണ്ണൂരില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ പിഴവുപറ്റിയെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശത്തെ തള്ളി ബിജെപി നേതാവും എംപിയുമായ വി മുരളീധരന്‍ രംഗത്ത്. തനിക്കു തെറ്റുപറ്റിയിട്ടില്ല. കണ്ണന്താനത്തിന്റെ വിമര്‍ശനം വ്യക്തിപരമാണ്. അദ്ദേഹം പരിഭാഷകനല്ല, ഐഎസ്എ ഉദ്യോഗസ്ഥനാണെന്ന് മുരളീധരന്‍ പരിഹസിച്ചു.

‘ഞാന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. ഈ വലിച്ച് താഴെയിടുമെന്നു പറഞ്ഞാല്‍ എന്താണതിനര്‍ത്ഥം. അത് മലയാളത്തിലെ ഒരു പ്രയോഗമാണ്. അതിനര്‍ത്ഥം കേന്ദ്രം ഇടപെടുമെന്നല്ല. ജനങ്ങള്‍ താഴെയിടുമെന്നാണ്’ എന്നാണു മുരളീധരന്‍ വിശദീകരിച്ചത്.

ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന് അമിത് ഷാ പറഞ്ഞെന്നായിരുന്നു വി മുരളീധരന്‍ പരിഭാഷ ചെയ്തത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ വലിച്ചു താഴെയിടുമെന്നല്ല, ജനങ്ങള്‍ വലിച്ചു താഴെയിടുമെന്നാണ് അമിത് ഷാ പറഞ്ഞതെന്നായിരുന്നു കണ്ണന്താനം പറഞ്ഞത്. മുരളീധരന് പരിഭാഷയില്‍ പിഴവുപറ്റിയതാണെന്നുമായിരുന്നു കണ്ണന്താനം പറഞ്ഞത്.

ജനങ്ങുടെ വികാരം മനസ്സിലാക്കിയില്ലെങ്കില്‍ വലിച്ച് താഴെയിടുമെന്നാണ് അമിത് ഷാ പറഞ്ഞതെന്നും തര്‍ജ്ജമ ചെയ്തപ്പോള്‍ ചില വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിയതാണെന്നുമായിരുന്നു കണ്ണന്താനം പറഞ്ഞത്.

Exit mobile version