ലോക്‌സഭാ തെരഞ്ഞെടുപ്പ്: തയ്യാറെടുപ്പുകളില്‍ സിപിഐ; സാധ്യതാ പട്ടിക തയ്യാറാക്കി; തിരുവനന്തപുരത്ത് കാനത്തിനായി ജില്ലാക്കമ്മിറ്റിയില്‍ ആവശ്യം ശക്തം

kanam rajendran

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറാക്കി സിപിഐ. പാര്‍ട്ടി മല്‍സരിക്കുന്ന നാല് സീറ്റുകളിലേക്ക് വിജയ സാധ്യതയുള്ള മൂന്നുപേരുകള്‍ ചേര്‍ത്താണ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക ജില്ലാ കമ്മറ്റികള്‍ തയ്യാറാക്കിയിരിക്കുന്നത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി ആവശ്യമുയര്‍ത്തി. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കാനം രാജേന്ദ്രന്‍ തന്നെ മുമ്പ് വ്യക്തമാക്കിയിരുന്നു. രണ്ടാമതായി സി ദിവാകരന്‍ എംഎല്‍എയുടെയും മൂന്നാമതായി ജില്ലാ സെക്രട്ടറി ജി ആര്‍ അനിലിന്റെയും പേരുകളാണ് പട്ടികയിലുള്ളത്.

തൃശ്ശൂരില്‍ നിന്ന് നിലവിലെ എംപി സിഎന്‍ ജയദേവന്റെ പേരാണ് നിര്‍ദേശിച്ചിരിക്കുന്നത്. മന്ത്രി വിഎസ് സുനില്‍ കുമാറിനെ തൃശൂരില്‍ മത്സരിപ്പിക്കാനും നേതൃത്വം ആലോചിക്കുന്നുണ്ടെങ്കിലും മന്ത്രി സന്നദ്ധനായിട്ടില്ല.

മാവേലിക്കര മണ്ഡലം ഉള്‍പ്പെട്ട ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലെ കമ്മറ്റികള്‍ നല്‍കിയ സാധ്യതാ പട്ടികയിലെല്ലാം അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിന്റെ പേരുമുണ്ട്. ആലപ്പുഴയില്‍ നിന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയുടെ പേരും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

വയനാട്ടില്‍ സത്യന്‍ മൊകേരിക്കു പുറമേ രണ്ടാം പേരായി സംസ്ഥാന അസി.സെക്രട്ടറി സിഎന്‍ ചന്ദ്രന്റെ പേരാണ് നിര്‍ദേശിക്കപ്പട്ടിരിക്കുന്നത്.

മറ്റന്നാള്‍ ചേരുന്ന സംസ്ഥാന കൗണ്‍സിലാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുക. പുതിയ പേരുകളും സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് വന്നേയ്ക്കും.

Exit mobile version