പോസ്റ്റര്‍ പതിച്ച സംഭവം; മലപ്പുറത്ത് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഇരുവര്‍ക്കും വിദേശ രാജ്യങ്ങളിലെ തീവ്ര സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്ന സൂചനയും വ്യാജ ഐഡി ഉപയോഗിച്ച് കലാപകാരി എന്ന ഫേസ്ബുക്ക് കൂട്ടായ്മ ഉണ്ടാക്കി പ്രവര്‍ത്തനം വ്യാപിപ്പിച്ചതായും പോലീസ് കണ്ടെത്തി

മലപ്പുറം: മലപ്പുറം ഗവ. കോളേജില്‍ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍. രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി പോസ്റ്റര്‍ ഒട്ടിച്ചതിനാണ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ റിന്‍ഷാദിനെയും ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫാരിസിനെയും അറസ്റ്റ് ചെയ്യതത്.

പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ ഇരുവരുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഇരുവര്‍ക്കും വിദേശ രാജ്യങ്ങളിലെ തീവ്ര സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്ന സൂചനയും വ്യാജ ഐഡി ഉപയോഗിച്ച് കലാപകാരി എന്ന ഫേസ്ബുക്ക് കൂട്ടായ്മ ഉണ്ടാക്കി പ്രവര്‍ത്തനം വ്യാപിപ്പിച്ചതായും പോലീസ് കണ്ടെത്തി.

അതിന് പുറമേ തീവ്രവാദ സ്വഭാവമുള്ള വ്യക്തികളുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നതായി കേസിന്റെ അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് റാഡിക്കല്‍ സ്റ്റുഡന്‍സ് ഫോറം സംഘടിപ്പിച്ച സെമിനാറിനും ഇരുവരും നേതൃത്വം നല്‍കി.

വിദ്യാര്‍ത്ഥികളെ ഈ സംഘടനയില്‍ ചേര്‍ക്കാനും ഇരുവരും രഹസ്യനീക്കം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. സംഘടനക്ക് കോളേജില്‍ പ്രവര്‍ത്തിക്കാനാവശ്യമായ ബൈലോ തയ്യാറാക്കിയതും ഇവര്‍ ചേര്‍ന്നാണ്.

ഇരുവരുടെയും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ വ്യക്തമാക്കി. രാജ്യതാല്‍പര്യത്തിന് വിരുദ്ധമായ പോസ്റ്റര്‍ പതിച്ചതിന് പുറത്ത് നിന്ന് സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Exit mobile version