കാസര്‍കോട് ഇരട്ട കൊലപാതകം; അക്രമത്തിന് നേതൃത്വം നല്‍കിയത് ഉദുമ എംഎല്‍എയെന്ന് ശരത് ലാലിന്റെ അച്ഛന്‍

പ്രാദേശിക പ്രശ്‌നത്തിന്റെ പേരില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ പല തവണ വധ ഭീഷണി മുഴക്കിയിരുന്നുവെന്നും എംഎല്‍എയാണ് ഈ അക്രമത്തിന് നേതൃത്വവും പിന്തുണയും നല്‍കിയതെന്നും സത്യനാരായണന്‍ പറഞ്ഞു

കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ സത്യനരായാണന്‍. പ്രതി പീതാംബരന്‍ തന്നെയാണ്. എന്നാല്‍ പാര്‍ട്ടിയുടെ അറിവില്ലാതെ ലോക്കല്‍ കമ്മറ്റി അംഗമായ ഇയാള്‍ ഒന്നും ചെയ്യില്ലെന്നും സത്യനരായാണന്‍ പറഞ്ഞു. പ്രാദേശിക പ്രശ്‌നത്തിന്റെ പേരില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ പല തവണ വധ ഭീഷണി മുഴക്കിയിരുന്നുവെന്നും എംഎല്‍എയാണ് ഈ അക്രമത്തിന് നേതൃത്വവും പിന്തുണയും നല്‍കിയതെന്നും സത്യനാരായണന്‍ പറഞ്ഞു.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് അപമാനം കൊണ്ടുണ്ടായ നിരാശയിലാണെന്നാണ് അറസ്റ്റിലായ പീതാംബരന്‍ നല്‍കിയ മൊഴി. കൃപേഷും ശരത് ലാലും ചേര്‍ന്ന് തന്നെ ആക്രമിച്ച സംഭവത്തില്‍ പാര്‍ട്ടി ഇടപെടാത്തത് നിരാശയുണ്ടാക്കിയെന്നും പീതാംബരന്‍ പോലീസിന് മൊഴി നല്‍കി. കൊല നടത്തുമ്പോള്‍ കഞ്ചാവിന്റെ ലഹരിയിലായിരുന്നെന്നും മൊഴി നല്‍കിയിട്ടുണ്ട്. പീതാംബരനെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

Exit mobile version