‘ബിജെപി വിരുദ്ധ വോട്ട് നേടി അധികാരത്തിലേറിയ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വമാണ് പിന്തുടരുന്നത്’; മധ്യപ്രദേശില്‍ പശുഹത്യയുടെ പേരില്‍ എന്‍എസ്എ ചുമത്തിയതിനെതിരെ ഡിവൈഎഫ്‌ഐ

തൃശ്ശൂര്‍: മധ്യപ്രദേശ് സര്‍ക്കാര്‍ പശുവിനെ കശാപ്പ് ചെയ്തതിന്റെ പേരില്‍ മൂന്നുപേര്‍ക്കെതിരെ ദേശരക്ഷാ നിയമമുപയോഗിച്ച് കേസെടുത്ത സംഭവത്തെ അപലപിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസ്.

മധ്യപ്രദേശിലെ ഖണ്ഡ്വക്കടുത്ത് നടന്ന ഗോഹത്യയുടെ പേരിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയെടുത്തത്. ഗോ വധത്തിന് ദേശരക്ഷാ നിയമം പ്രയോഗിക്കുന്ന ബിജെപി സര്‍ക്കാരുകളുടെ പാതയിലാണ് കോണ്‍ഗ്രസ് സര്‍ക്കാരും സഞ്ചരിക്കുന്നതെന്ന് റിയാസ് പ്രസ്താവനയില്‍ പറഞ്ഞു.

ബിജെപി വിരുദ്ധ വോട്ട് നേടി അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് മൃദു ഹിന്ദുത്വമാണ് പിന്തുടരുന്നത്. സര്‍ക്കാര്‍ മാറിയെങ്കിലും ഇരുവരും പിന്തുടരുന്ന നയം ഒന്നുതന്നെയാണ്. മതന്യൂനപക്ഷങ്ങളും മതനിരപേക്ഷ വാദികളും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടി മൂലം അരക്ഷിതരാണ്.

മധ്യപ്രദേശ് നിയമസഭയില്‍ ഒരു ഇടതുപക്ഷ അംഗം ഉണ്ടായിരുന്നെങ്കില്‍ ഇതിനെതിരെ ശബ്ദിക്കുമായിരുന്നു. എണ്ണം എത്രയെന്നതല്ല, നിലപാടുകളാണ് ഇടതുപക്ഷത്തെ വേറിട്ടതാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Exit mobile version