വലിച്ചെറിഞ്ഞ് വരാവുന്ന പദവിയില്‍ അല്ലല്ലോ..! തിരിച്ചുവരാന്‍ തയ്യാറാണ് പക്ഷെ കേന്ദ്രം തീരുമാനിക്കണം: മത്സരിക്കാന്‍ താല്‍പ്പര്യമറിയിച്ച് കുമ്മനം

എന്നാല്‍ തനിക്ക് ഈ പദവി വലിച്ചെറിഞ്ഞ് വരാന്‍ സാധിക്കുന്ന ഒന്നല്ലെന്ന് കുമ്മനം തന്നെ പറയുന്നു.

Kummanam Rajasekharan34

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയും അണികളും ഒരു പോലെ ആവശ്യപ്പെടുന്ന കാര്യമാണ് മിസോറം ഗവര്‍ണറായ കുമ്മനം രാജശേഖരന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തണമെന്നത്. സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളിലെ നിറസാന്നിധ്യവുമാണ് കുമ്മനത്തിന്റേത്. എന്നാല്‍ തനിക്ക് ഈ പദവി വലിച്ചെറിഞ്ഞ് വരാന്‍ സാധിക്കുന്ന ഒന്നല്ലെന്ന് കുമ്മനം തന്നെ പറയുന്നു.

‘വലിച്ചെറിഞ്ഞ് രാജിവെച്ചൊഴിഞ്ഞ് പോരാനാകുന്ന പദവിയല്ലല്ലോ? ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കണം, കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണം എല്ലാറ്റിലുമുപരി പകരക്കാരനെ കണ്ടെത്തണം. അത്ര എളുപ്പമല്ല.’- സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് കുമ്മനത്തിന്റെ മറുപടി ഇങ്ങനെ. മനോരമ ന്യൂസിനോടായിരുന്നു കുമ്മനത്തിന്റെ വെളിപ്പെടുത്തല്‍. ‘ഗവര്‍ണറായതും ആഗ്രഹിച്ചിട്ടല്ല സംഘടന ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുന്നു. സംഘടന വിധേയനാണ് ഞാന്‍, സ്വയംസമര്‍പ്പിച്ചവന്‍, എന്റെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല. തിരിച്ചുവരാനും പഴയ പോലെ സംഘടനാപ്രവര്‍ത്തനം നടത്താനും തയ്യാറാണ് പക്ഷെ സംഘടന തീരുമാനിക്കണം. പണ്ടൊക്കെ എവിടെയും പോകാമായിരുന്നു ആരെയും കാണാമായിരുന്നു ഇപ്പം പക്ഷെ സെക്യൂരിറ്റിയും മറ്റും പ്രശ്‌നമാണ്. കുമ്മനം പറയുന്നു.

ഒപ്പം തനിക്ക് വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നതിന് താല്‍പ്പര്യമില്ലെന്നും വിവാദങ്ങളും വിമര്‍ശനങ്ങളും വേണമെന്നും അധര്‍മ്മം ഉള്ളിടത്തല്ലേ ധര്‍മ്മത്തിന് പ്രസക്തിയുള്ളു. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനൊന്നും ആഗ്രഹിച്ചിട്ടില്ലെന്നും കുമ്മനം അഭിമുഖത്തില്‍ പറയുന്നുണ്ട്. കോഴിക്കോട്ടെത്തിയതായിരുന്നു കുമ്മനം.

Exit mobile version