‘രാഹുലിന്റെ രോമത്തില്‍ തൊടില്ല’; രക്തം വീഴ്ത്തി സന്നിധാനം അശുദ്ധിക്കാന്‍ പദ്ധതിയിട്ട രാഹുല്‍ ഈശ്വറിനെ ബിജെപി തള്ളിയിട്ടും കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ; പ്രഖ്യാപിച്ചത് അജയ് തറയില്‍

ശബരിമലയില്‍ നടയടച്ചിടാനായി ഏതറ്റം വരെയും പോകാന്‍ തയ്യാറായ രാഹുല്‍ ഈശ്വറിന് പൂര്‍ണ്ണപിന്തുണയുമായി കോണ്‍ഗ്രസ്.

കൊച്ചി: ശബരിമലയില്‍ നടയടച്ചിടാനായി ഏതറ്റം വരെയും പോകാന്‍ തയ്യാറായ രാഹുല്‍ ഈശ്വറിന് പൂര്‍ണ്ണപിന്തുണയുമായി കോണ്‍ഗ്രസ്. സന്നിധാനത്ത് രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്ന് വെളിപ്പെടുത്തിയ രാഹുലിന് ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് അജയ് തറയിലാണ് പിന്തുണ പ്രഖ്യാപിച്ചത്. രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ഈ സര്‍ക്കാരിന് കഴിയില്ല എന്നും അജയ് തറയില്‍ മാതൃഭൂമി ന്യൂസ് ചാനലില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.

‘കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു രാഹുല്‍ ഈശ്വറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന്. അദ്ദേഹം ഒരു മന്ത്രിയല്ലേ. രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള വകുപ്പെന്താണെന്ന് അദ്ദേഹത്തിനറിയില്ലേ. രാഹുല്‍ ഈശ്വറിന്റെ ഒരു രോമത്തില്‍ തൊടാന്‍ ഈ സര്‍ക്കാരിന് പറ്റില്ല. അതിന് ഇവിടുത്തെ ഭക്തസമൂഹം സമ്മതിക്കില്ല.’- അജയ് തറയില്‍ പറയുന്നു.

അതേസമയം, ബിജെപി, രാഹുല്‍ ഈശ്വറിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഈശ്വറിനെ പിന്തുണച്ച് രംഗത്ത് വന്നത്. ചര്‍ച്ചയിലുടനീളം രാഹുലിനെയും സന്നിധാനത്തും നിലയ്ക്കലും അക്രമം നടത്തിയവരെയും പിന്തുണയ്ക്കുന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയ രാഹുല്‍ ഈശ്വറിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്.

രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Exit mobile version