‘പെണ്ണിനു വയസ് 48, ചെക്കന് വയസ് 25’; വ്യാജപ്രചാരണത്തിന് തുടക്കമിട്ട മുഖ്യപ്രതി പോലീസ് പിടിയില്‍; ഇതുവരെ അറസ്റ്റിലായത് പതിനൊന്ന്‌പേര്‍!

കണ്ണൂര്‍: സമൂഹമാധ്യമങ്ങളിലൂടെ നവദമ്പതികള്‍ക്കെതിരെ അപകീര്‍ത്തികരമായ വ്യാജപ്രചാരണം അഴിച്ചുവിട്ട കേസില്‍ മുഖ്യപ്രതി ഉള്‍പ്പടെ ആറുപേര്‍ ഇന്ന് പിടിയിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. മുഖ്യപ്രതി പുളിങ്ങോം സ്വദേശി റോബിന്‍ തോമസ്, പുലിക്കുരുമ്പ സ്വദേശികളായ സൂര്യലാല്‍, റോബിന്‍സ് തോമസ്, ജിപ്‌സണ്‍ പീറ്റര്‍, ബിജു, പരിയാരം സ്വദേശി സൈഫുദ്ദീന്‍ എന്നിവരെയാണ് ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍ ചെമ്പന്തൊട്ടി സ്വദേശിനി ജൂബി ജോസഫിന്റെ പരാതിയിലാണ് പോലീസ് നടപടി. പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായ അനൂപും ഷാര്‍ജയില്‍ സ്വകാര്യ കമ്പനി ജീവനക്കാരിയായ ജൂബിയും അടുത്തിടെയാണ് വിവാഹിതരായത്.

എന്നാല്‍ ഇരുവരുടെയും ചിത്രങ്ങള്‍ പ്രചരിപ്പിച്ച്, ‘പെണ്ണിനു വയസ് 48, ചെക്കന് വയസ് 25, പെണ്ണിന് ആസ്തി 15 കോടി, സ്ത്രീധനം 101 പവന്‍, 50 ലക്ഷം, ബാക്കി പുറകെ വരും’ എന്ന കമന്റോടുകൂടി വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും പ്രചാരണം നടത്തുകയായിരുന്നു ചിലര്‍.

ദമ്പതികളുടെ വിവാഹഫോട്ടോയില്‍ റോബിന്‍ തോമസാണ് മോശമായി കമന്റിട്ട് പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ് ക്രിയേറ്റ് ചെയ്തത് താനല്ലെന്നും തനിക്കു ലഭിച്ച പോസ്റ്റില്‍ അടിക്കുറിപ്പെഴുതുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോസ്റ്റ് സൃഷ്ടിച്ചയാളെ ചെയ്തയാളെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് പോലീസ്.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരാണ് അറസ്റ്റിലായത്. വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും പോസ്റ്റ് ഷെയര്‍ ചെയ്തവരുമാണ് പിടിയിലായവര്‍.

Exit mobile version