അന്ന് മോഹന്‍ലാല്‍ മോഡിയെ കണ്ടത് വിശ്വശാന്തി ട്രസ്റ്റിന്റെ ആവശ്യാര്‍ത്ഥം മാത്രം; രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് തറപ്പിച്ച് പറഞ്ഞതോടെ വെട്ടിലായത് ആര്‍എസ്എസും ചില സിനിമാക്കാരും; സ്ഥാനാര്‍ത്ഥി സര്‍വേ എന്ത് ചെയ്യണമെന്നറിയാതെ സംഘപരിവാര്‍!

മോഹന്‍ലാലിന് പുറമെ കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ തിരുവനന്തപുരത്ത് ഉയര്‍ന്നതോടെയാണ് ആര്‍എസ്എസ് സര്‍വേക്കിറങ്ങിയത്.

നടന്‍ മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും അഭിനേതാവായി തുടരാനാണ് താല്‍പര്യമെന്നും വെട്ടിത്തുറന്ന് പറഞ്ഞതോടെ തലകറങ്ങിയിരിക്കുന്നത് ആര്‍എസ്എസിനാണ്. മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയായാല്‍ വിജയ സാധ്യതകള്‍ കണ്ടെത്താനായി ആരംഭിച്ച ആര്‍എസ്എസ് സര്‍വേ പാതിവഴിയിലെത്തി നില്‍ക്കുകയാണ്. ഇനി എന്താണ് സര്‍വേയുടെ അര്‍ത്ഥമെന്നാണ് ഒരു കൂട്ടര്‍ ചോദിക്കുന്നത്. മോഹന്‍ലാലിന് പുറമെ കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ തിരുവനന്തപുരത്ത് ഉയര്‍ന്നതോടെയാണ് ആര്‍എസ്എസ് സര്‍വേക്കിറങ്ങിയത്.

ആര്‍എസ്എസിന് താല്‍പര്യമുള്ള പേരുകളാണ് സര്‍വേയുമായി ബന്ധപ്പെട്ട് പൊതു ചര്‍ച്ചയ്ക്ക് വച്ചിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ സര്‍വേക്കിറങ്ങിയ ആര്‍എസ്എസും സംഘപരിവാര്‍ ബന്ധമുള്ള തലസ്ഥാനത്തെ ചില സിനിമക്കാരും വെട്ടിലായെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരുവനന്തപുരത്ത് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹത്തിനു പിന്നില്‍ സിനിമാമേഖലയുമായി ബന്ധമുള്ള ലാലിന്റെ ചില സുഹൃത്തുക്കളായിരുന്നെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്.

മോഹന്‍ലാല്‍ മത്സരിക്കുമെന്ന സൂചന നല്‍കി ഉറ്റസുഹൃത്തായ അശോക് കുമാര്‍ ഇതിനിടെ രംഗത്തെത്തിയിരുന്നു. അതേസമയം സിനിമയില്‍ ഇപ്പോഴും സജീവമായ മേജര്‍ രവി, സുരേഷ്‌കുമാര്‍ തുടങ്ങിയ സുഹൃത്തുക്കള്‍ മോഹന്‍ലാല്‍ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് വരില്ലെന്ന് വ്യക്തമാക്കി.

അച്ഛനമ്മമാരുടെ പേരിലുള്ള വിശ്വശാന്തി ട്രസ്റ്റിന്റെ ആവശ്യാര്‍ത്ഥം മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതുമുതലാണ് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന പ്രചരണം തുടങ്ങിയത്.

എന്നാല്‍ തനിക്ക് രാഷ്ട്രീയമോഹങ്ങളില്ലെന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞതോടെ മറ്റ് വഴികള്‍ തേടുകയാണ് ആര്‍എസ്എസ് സംഘം.

Exit mobile version