കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡ് വികസനം; കടകള്‍ ഒഴിഞ്ഞ് കൊടുക്കാന്‍ മനസില്ല..! വ്യാപാരി വ്യവസായി ഏകോപനസമിതി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി റോഡരികിലുള്ള കടകള്‍ ഒഴിഞ്ഞ് കൊടുക്കണമെന്ന നിലപാടിനെ എതിര്‍ത്ത് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസറുദ്ധീന്‍.

വികസനത്തിന്റെ പേരില്‍ എല്ലാകാലത്തും വ്യാപാരികളെ കുടിയൊഴിപ്പിച്ചത് കൃത്യമായ നഷ്ടപരിഹാരം നല്‍കാതെയാണ്. അതേ നയമാണ് ഇവിടേയും സ്വീകരിക്കുന്നതെങ്കില്‍ കടകളൊഴിയാന്‍ മനസില്ലെന്ന് നസറുദ്ധീന്‍ പറഞ്ഞു. കോടീശ്വരന്മാര്‍ക്ക് കോടികള്‍ വര്‍ധിപ്പിക്കാനുള്ള ഇടമാണ് കണ്ണൂര്‍ വിമാനത്താവളം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമായ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ടിലേക്ക് എത്തിപ്പെടാനുള്ള നിര്‍ദ്ദിഷ്ട നാലുവരി പാതയോരത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരികള്‍ സമരരംഗത്ത് എത്തിയത്. മട്ടന്നൂരില്‍ നടന്ന വ്യാപാര തൊഴില്‍ സംരക്ഷണ റാലിയും അവകാശ പ്രഖ്യാപന് കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതല്‍ ഓഹരികളുള്ളത് സ്വകാര്യവ്യക്തികള്‍ക്കാണ്. ഇത്തരം കോടീശ്വരന്മാര്‍ക്ക് കോടികള്‍ വര്‍ധിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ വ്യാപാരികളെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ തുടക്കമാകും ഈ അവകാശ പ്രഖ്യാപന കണ്‍വെന്‍ഷനെന്നും നസറുദ്ധീന്‍ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Exit mobile version