നിയമത്തിന് മുകളില്‍ പറക്കാന്‍ ആര്‍ക്കും അവകാശമില്ല; ചൈത്രയുടെ റെയ്ഡ് പ്രശസ്തിക്ക് വേണ്ടി; അല്ലെങ്കില്‍ ഒരു പ്രതിയെ എങ്കിലും പിടിച്ചേനെ: കോടിയേരി

കണ്ണൂര്‍: തിരുവനന്തപുരം സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമത്തിന് മുകളില്‍ പറക്കാന്‍ ഒരു ഓഫീസര്‍ക്കും അധികാരമില്ലെന്നും ഡിസിപി റെയ്ഡ് ചെയ്തത് പ്രശസ്തിക്ക് വേണ്ടിയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞു. റെയ്ഡ് പ്രശസ്തിക്ക് വേണ്ടിയായിരുന്നുവെന്ന് വ്യക്തമാണ്. അല്ലെങ്കില്‍ ഒരു പ്രതിയെ എങ്കിലും ഓഫീസിനുള്ളില്‍ നിന്ന് പിടിക്കണമായിരുന്നു. അതുണ്ടായില്ല. ഇതില്‍ നിന്ന് തന്നെ റെയ്ഡിന് പുറകിലെ ദുരുദ്ദേശ്യം മനസ്സിലാവുമെന്നും കോടിയേരി പറഞ്ഞു.

ഏത് ഉദ്യോഗസ്ഥരാണെങ്കിലും നിയമത്തിന് വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. അങ്ങനെയല്ലാത്തത് കൊണ്ടാണ് സര്‍ക്കാര്‍ പിന്തുണയ്ക്കാത്തത്. ഇത് സര്‍ക്കാര്‍ നയമല്ല. നിയമാനുസൃതമായി ആണ് റെയ്ഡെങ്കില്‍ ബിജെപി ഓഫീസില്‍ പ്രതികള്‍ ഒളിച്ചപ്പോള്‍ പോയി റെയ്ഡ് ചെയ്യാമായിരുന്നു. അതുണ്ടായില്ല. മാത്രമല്ല സിപിഎം ഓഫീസ് റെയ്ഡുമായി ബന്ധപ്പെട്ട കേസില്‍ ഈ ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതലയില്ല. താല്‍ക്കാലിക ചുമതലയായിരുന്നു അവര്‍ക്ക്. അതുകൊണ്ട് തന്നെ അര്‍ഹതയില്ലാത്ത കാര്യമാണ് അവര്‍ ചെയ്തതെന്നും കോടിയേരി പറഞ്ഞു.

Exit mobile version