മലപ്പുറം രൂപം കൊണ്ടിട്ട് അര നൂറ്റാണ്ട് പൂര്‍ത്തിയാവുന്നു

കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ ചരിത്രത്തില്‍ സുപ്രധാന ഇടം നേടിയ മലപ്പുറം ജില്ല രൂപം കൊണ്ടിട്ട് അര നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്

മലപ്പുറം; കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ ചരിത്രത്തില്‍ സുപ്രധാന ഇടം നേടിയ മലപ്പുറം ജില്ല രൂപം കൊണ്ടിട്ട് അര നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ് വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രക്ഷോഭങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല നിലവില്‍ വരുന്നത്. കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന ഏറനാട് ,തിരൂര്‍ താലുക്കുകളും പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പൊന്നാനി ,പെരുന്തല്‍മണ്ണ താലുക്കുകളും ചേര്‍ത്താണ് മലപ്പുറം ജില്ല രൂപീകരിച്ചത്.

1956ല്‍ ഐക്യകേരളം പിറന്നപ്പോള്‍ മലബാര്‍ ജില്ല മൂന്നായി വിഭജിക്കപ്പെട്ടു. ഇതോടെ മലപ്പുറം പ്രദേശം കോഴിക്കോട്, പാലക്കാട് ജില്ലകളുടെ ഭാഗമായി മാറി. ഒന്നര നൂറ്റാണ്ട് നീണ്ട അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് മലപ്പുറം. ബ്രിട്ടീഷ് ഭരണത്തിന്റെ ആരംഭത്തില്‍ ബോംബെ പ്രോവിന്‍സിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. വൈദേശിക ആധിപത്യത്തിനെതിരായ പോരാട്ടം മാത്രം അജണ്ടയാക്കി ഒരു ജനത നിലയുറപ്പിച്ചോള്‍ സ്വാഭാവികമായി അവരുടെ പ്രദേശം പിന്നാക്കമായി. വല്ലാതെ പിറകിലായിപ്പോയ ഈ പ്രദേശത്തിന്റെ വികസനം ലക്ഷ്യം വെച്ചാണ് മലപ്പുറം ജില്ല വേണമെന്ന ആവശ്യം ഉയര്‍ന്നത് .

കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലക്ക് മലബാര്‍ കലാപവും ഖിലാഫത്ത് സമരവും ചരിത്ര പ്രാധാന്യം നല്‍കുന്നു. വൈദേശികരുടെയും ജന്‍മികളുടെയും ആധിപത്യത്തിനെതിരെ നിരന്തരം പോരാടി പിന്നാക്കമായിപ്പോയ ഒരു ജനതക്ക് ലഭിച്ച മേല്‍വിലാസം കൂടിയാണ് മലപ്പുറം ജില്ല. വര്‍ഷങ്ങള്‍ നീണ്ട മുറവിളികള്‍ക്കൊടുവിലാണ് ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി സര്‍ക്കാര്‍ മലപ്പുറം ജില്ല പ്രഖ്യാപിച്ചത്.

Exit mobile version