കല്ല്യാണ പന്തലില്‍ നിന്നും നേരെ ഫുട്ബോള്‍ മൈതാനത്തേക്ക്; ആ ‘ഫുട്‌ബോള്‍ പ്രേമി’ യെ കാണണമെന്ന് കായിക മന്ത്രി

കാല്‍പ്പന്തിനെ ജീവവായു പോലെ സ്നേഹിക്കുന്നവരുടെ നാടാണ് മലപ്പുറം. അതുകൊണ്ട് തന്നെ മറ്റെന്തിനേക്കാളും അവര്‍ക്ക് വലുത് ഫുട്ബോളാണ്.

മലപ്പുറം; ഫുട്ബോള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പേരുകളിലൊന്ന് മലപ്പുറത്തിന്റേതാണ്. അത്രമാത്രമാണ് ആ നാടും ഫുട്ബോളും തമ്മിലുള്ള ആത്മബന്ധം. കാല്‍പ്പന്തിനെ ജീവവായു പോലെ സ്നേഹിക്കുന്നവരുടെ നാടാണ് മലപ്പുറം. അതുകൊണ്ട് തന്നെ മറ്റെന്തിനേക്കാളും അവര്‍ക്ക് വലുത് ഫുട്ബോളാണ്.

അതിപ്പോ സ്വന്തം കല്യാണം ആണെങ്കിലും.കല്യാണ ദിവസം പരീക്ഷ ഹാളിലേക്ക് ഓടി വരുന്ന വധുവിനെ കുറിച്ചുള്ള ഒരുപാട് വാര്‍ത്തകള്‍ കണ്ടിട്ടുണ്ട്. ഇവിടെ കല്യാണപ്പന്തലില്‍ നിന്നുമൊരു വരന്‍ ഓടിയെത്തിയത് ഫുട്ബോള്‍ മൈതാനത്തേക്കാണ്. ഫിഫ മഞ്ചേരിയുടെ താരം റിദ്വാനാണ് കഥാനായകന്‍.

വീട്ടുകാരറിയാതിരിക്കാന്‍ കോളേജില്‍ നിന്നു നേരിട്ടു ഗ്രൗണ്ടിലേക്കും കളികഴിഞ്ഞ് നേരെ കോളജിലേക്കും പോകുന്ന പതിവ് കല്യാണ ദിവസവും തുടര്‍ന്ന മലപ്പുറത്തുകാരന്‍ റിദ്‌വാനെ സമൂഹമാധ്യമങ്ങള്‍ നെഞ്ചോട് ചേര്‍ത്തു കഴിഞ്ഞു. ഇപ്പോഴിതാ റിദുവിനെ കാണാനുള്ള ആഗ്രഹ പ്രകടനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കായികമന്ത്രിയും ഒളിമ്പ്യനുമായ രാജ്യവര്‍ധന്‍ റാത്തോര്‍. റിദുവിന്റെ ഫുട്ബോളിനോടുള്ള പ്രണയം കണ്ട് അത്ഭുതപ്പെട്ടുവെന്നും കല്യാണദിവസം കളിക്കാന്‍ ഇറങ്ങിയ റിദുവിന്റെ ആത്മാര്‍ത്ഥയെ പ്രശംസിക്കുന്നുവെന്നും റാത്തോര്‍ ട്വീറ്റ് ചെയ്തു. നേരിട്ട് കാണണമെന്ന ആഗ്രഹവും റാത്തോര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു റിദ്വാനും ഒലവക്കോട് സ്വദേശിനി ഫായിദയും തമ്മിലുള്ള വിവാഹം. വണ്ടൂര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആലുക്കാസ് തൃശ്ശൂരിനെതിരെയുള്ള സെമിഫൈനല്‍ മത്സരം അന്നു രാത്രി നടക്കുന്ന വിവരം റിദ്വാന്‍ അറിയുന്നതു വിവാഹ ദിവസം രാവിലെയാണ്. സെമിഫൈനല്‍ മത്സരമാണ്, സ്വന്തം ഗ്രൗണ്ടിലാണ് കളി. കഴിഞ്ഞ ദിവസം നാട്ടിലെ മറ്റൊരു ടൂര്‍ണമെന്റില്‍ ഇതേ ടീമിനോടു തോറ്റതിന്റെ നിരാശയും നീറ്റലായി മനസ്സിലുണ്ട്. എന്തുവില കൊടുത്തും കളിക്കുമെന്നു തീരുമാനിച്ചത് ഈ കാരണങ്ങള്‍കൊണ്ടാണെന്നു റിദ്വാന്‍ പറയുന്നു.

Exit mobile version