ആക്രമിക്കുകയാണെങ്കില്‍ പറഞ്ഞിട്ട് തന്നെ ചെയ്യും; ആരുമറിയാത്ത സംവിധായകന്റെ പബ്ലിസിറ്റി സ്റ്റണ്ടാണിത്; സംവിധായകന്‍ പ്രിയനന്ദനനെ സംഘപരിവാര്‍ ആക്രമിച്ചിട്ടില്ലെന്ന് ബി ഗോപാലകൃഷ്ണന്‍

ഞങ്ങള്‍ക്ക് മര്‍ദ്ദിക്കണമെന്ന് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ദിവസം തന്നെ ചെയ്യാമായിരുന്നു.

തിരുവനന്തപുരം: സംഘപരിവാറിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദനന് നേരെ സംഘപരിവാര്‍ ആക്രമണമുണ്ടായെന്ന ആരോപണം തെറ്റെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍. സംവിധായകന് എതിരെ നടന്ന ആക്രമണത്തില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും ആരുമറിയാത്ത സംവിധായകന്റെ പബ്ലിസിറ്റി സ്റ്റണ്ടാണ് ഇതെന്നുമായിരുന്നു ബി ഗോപാലകൃഷ്ണന്റെ പ്രതികരണം.

”അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരല്ല. ഞങ്ങള്‍ക്ക് മര്‍ദ്ദിക്കണമെന്ന് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ദിവസം തന്നെ ചെയ്യാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ അന്ന് ജനാധിപത്യ മര്യാദ അനുസരിച്ചുള്ള പ്രതിഷേധം നടത്തി. ഞങ്ങളുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു. പോലീസ് കേസ് എടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രതിഷേധത്തിന് ഇറങ്ങുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ കേസ് എടുത്തതോടെ പ്രതിഷേധം അവസാനിപ്പിച്ചു. പ്രിയനന്ദന്‍ എന്ന ആരും അറിയാത്ത സംവിധായകന്‍ വെറുതെ ഷൈന്‍ ചെയ്യാനുള്ള ജാഡപരിപാടിയാണ് ഇപ്പോള്‍ കാണിച്ചത്. ഞങ്ങള്‍ക്ക് അക്രമം നടത്തണമെന്നുണ്ടെങ്കില്‍ അത് പറഞ്ഞിട്ട് തന്നെ ചെയ്യും. ആര്‍.എസ്.എസുകാര്‍ അക്രമം നടത്തി എന്ന് അയാള്‍ പറയുമ്പോഴേക്കും മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു. ഇത് ഷൈന്‍ ചെയ്യാനുള്ള പരിപാടി മാത്രമാണ്. വീടിന് നേരെ പ്രതിഷേധ പ്രകടനം നടത്തി പോലീസ് കേസ് എടുത്തതോടെ ബിജെപിയെ സംബന്ധിച്ച് അത് അടഞ്ഞ അധ്യായമായി കഴിഞ്ഞു. വീണ്ടും അത് തുറക്കാന്‍ ആഗ്രഹിക്കുന്നത് അദ്ദേഹമാണ്. അവിടെ ക്യാമറയോ സിസിടിവിയോ ഉണ്ടെങ്കില്‍ നോക്കി എടുത്തോട്ടെ. എന്തായാലും ഞങ്ങള്‍ അല്ല അത് ചെയ്തത്”- ഗോപാലകൃഷ്ണന്‍ പറഞ്ഞു.

2006-ല്‍ ദേശീയ പുരസ്‌കാരം നേടിയ സംവിധായകനെ ആരുമറിയാത്ത സംവിധായകന്‍ എന്ന് പറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ഉചിതമാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നിങ്ങള്‍ക്ക് അദ്ദേഹം വലുതായിരിക്കും, എന്നാല്‍ എനിക്ക് അത്ര വലിയ ആളായി തോന്നുന്നില്ല എന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ മറുപടി. ദേശീയ പുരസ്‌കാരം ലഭിച്ച ആളാണെങ്കില്‍ ഇങ്ങനെ മൂന്നാം കിട ഭാഷയില്‍ സംസാരിക്കില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Exit mobile version