വയനാട് റിസോർട്ടിൽ നിന്ന് മോഷ്ടിച്ച ലോക്കർ പണം എടുത്ത് കുളത്തിൽ തള്ളി; അതിബുദ്ധി രക്ഷിച്ചില്ല; പ്രതികൾ 24 മണിക്കൂറിനുള്ളിൽ പിടിയിൽ

മേപ്പാടി: വയനാട്ടിലെ ആരംഭ് റിസോർട്ടിൽ കടന്നുകയറി ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷത്തോളം രൂപ മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. റിസോർട്ടിലെ മുൻജീവനക്കാരനായ കോട്ടനാട് അരിപ്പൊടിയൻ വീട്ടിൽ അബ്ദുൽ മജീദ് (26), സുഹൃത്ത് കോട്ടനാട് കളത്തിൽപറമ്പിൽ വീട്ടിൽ ബെന്നറ്റ് (26) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ 12.30-ഓടെയായിരുന്നു മോഷണം.

കോട്ടപ്പടി എളമ്പലേരി എസ്റ്റേറ്റിലെ ആരംഭ് റിസോർട്ടിലെ സ്റ്റോർ റൂമിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 1,36,468 രൂപയാണ് മോഷ്ടാക്കൾ കവർന്നത്. ലോക്കറടക്കം മോഷ്ടിച്ചുകൊണ്ടുപോവുകയും പണം എടുത്ത ശേഷം ലോക്കർ കുളത്തിൽ എറിഞ്ഞുകളയുകയുമായിരുന്നു.

റിസോർട്ടും പരിസരപ്രദേശങ്ങളും പരിചയമുള്ള റിസോർട്ടിലെ മുൻഡ്രൈവറായ മജീദ് സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങാതിരിക്കാനായി ജാക്കറ്റ് ധരിച്ചാണ് മോഷ്ടിക്കാനെത്തിയത്. മോഷണം നടത്തിയശേഷം ബൈക്കിൽ ബെന്നറ്റിന്റെ വീടിന് സമീപമെത്തി ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ പൊളിക്കുകയായിരുന്നു. പണമെടുത്തശേഷം ഇരുവരും ബൈക്കിൽ മഞ്ഞളാംകൊല്ലിയിലുള്ള ക്വാറികുളത്തിൽ ലോക്കർ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.

മലപ്പുറത്തേക്ക് പ്രതികൾ കടന്നെങ്കിലും പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിൽ തിരികെ വയനാട്ടിലേക്ക് വരുമ്പോൾ വൈത്തിരിയിൽ വെച്ച് പോലീസ് പിടിയിലാവുകയായിരുന്നു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചു. മജീദ് സഞ്ചരിച്ച ബൈക്ക്, മോഷണത്തിനുപയോഗിച്ച ഗ്ലൗസ്, ലോക്കർ മുറിക്കാനുപയോഗിച്ച കട്ടർ എന്നിവയും കസ്റ്റഡിയിലെടുത്തു.

ALSO READ- ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ, ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത, ജാഗ്രത

ആഴമേറിയ കുളത്തിൽ ഒരുമണിക്കൂറോളം തിരഞ്ഞാണ് ലോക്കർ കണ്ടെടുത്തത്. സൈബർ സെല്ലും വിരലടയാള വിദഗ്ധരുമാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്. മേപ്പാടി ഇൻസ്പെക്ടർ എസ്എച്ച്ഒ ബികെ സിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്‌ഐ ഷാജി, എസ്‌സിപിഒമാരായ സുനിൽകുമാർ, വിപിൻ, ഷബീർ, സിപിഒ ഷാജഹാൻ, ഹോംഗാർഡ് പ്രവീൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Exit mobile version