പാലക്കാട് നിന്ന് കാണാതായ 13കാരൻ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മരിച്ചനിലയിൽ; കൽപ്പടവിൽ വസ്ത്രങ്ങളും ചെരിപ്പും

പട്ടാമ്പി: പാലക്കാട് കപ്പൂർ കുമരനെല്ലൂരിൽ കാണാതായ കൗമാരക്കാരനെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമരനെല്ലൂർ കൊട്ടാരത്തൊടി അൻവർ റസിയ ദമ്പതികളുടെ മകൻ അൽ അമീൻ (13) ആണ് മരണപ്പെട്ടത്. കുട്ടിയെ ഇന്നലെ വൈകിട്ട് നാലുമണി മുതൽ കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാരും പ്രദേശവാസികളും തെരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

വീട്ടുകാർ തുടർന്ന് തൃത്താല പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളാളൂരിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിലെ കൽപ്പടവിൽ കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തിയത്.

ALSO READ- പാലക്കാട് 7വയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു, ഗുരുതര പരിക്ക്

പിന്നീട് വിവരമറിയിച്ചതിനെ തുടർന്ന് പട്ടാമ്പിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം നടത്തിയ തെരച്ചിലിലാണ് രാത്രി 11 മണിയോടെ കുട്ടിയുടെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെടുത്തത്. തൃത്താല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version