തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ ഹോട്ടലിൽ മലയാളികൾ ജീവനൊടുക്കിയതിന് പിന്നിൽ കടുത്ത അന്ധവിശ്വാസമെന്ന് റിപ്പോർട്ട്. മരണശേഷം അന്യഗ്രഹത്തിൽ സുഖജീവിതമുണ്ടെന്ന് നവീൻ ഭാര്യ ദേവിയേയും കൂട്ടുകാരി ആര്യയേയും വിശ്വസിപ്പിച്ചിരുന്നതായാണ് സൂചന. പ്രത്യേകരീതിയിലുള്ള മരണത്തിലൂടെ അന്യഗ്രഹത്തിൽ എത്താൻ കഴിയുമെന്നും നവീൻ ഇവരെ വിശ്വസിപ്പിച്ചിരുന്നു.
നവീന് ഇത്തരം വിചിത്രവിശ്വാസത്തിന്റെ ആശയങ്ങൾ ലഭിച്ചത് ഡാർക്ക്നെറ്റിൽനിന്നാണെന്നാണ് സൂചന. ഇവരെ സ്വാധീനിച്ച മറ്റുഗ്രൂപ്പുകളുണ്ടോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്. ഇതോടൊപ്പം മരിച്ച നവീൻ തോമസും ദേവിയും ആര്യയും തമ്മിൽ നടത്തിയ ഇ-മെയിൽ ആശയവിനിമയങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
ഇ-മെയിൽ സന്ദേശങ്ങളിൽ ഇവർ സ്വന്തം പേരുകളല്ല ഉപയോഗിച്ചിരിക്കുന്നത്. നവീനും ദേവിയും മുൻപും അരുണാചലിൽ പോയിട്ടുണ്ട്. അതേസമയം, മരണത്തിന് വേണ്ടി അരുണാചലിൽ പോയതെന്തിനെന്ന് പോലീസിന് വിവരം ലഭിച്ചിട്ടില്ല.
കോട്ടയം സ്വദേശിയായ നവീൻ തോമസിന്റെ സ്വാധീനത്തിലാണ് ആര്യയും ദേവിയും അരുണാചലിലേക്ക് പോയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. അതേസമയം സംഭവത്തിൽ മറ്റേതെങ്കിലും സംഘങ്ങളുടെ ഇടപെടലുണ്ടോ എന്നതും അന്വേഷിക്കുകയാണ്.
തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ദേവി(40), ഭർത്താവ് കോട്ടയം മീനടം സ്വദേശി നവീൻതോമസ്(40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂർക്കാവ് മണികണ്ഠേശ്വരം സ്വദേശി ആര്യാ നായർ(27) എന്നിവരെ ചൊവ്വാഴ്ചയാണ് അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇറ്റാനഗറിലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൂവരുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ദേവിയുടെയും ആര്യയുടെയും മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം ശാന്തികവാടത്തിലാണ് രണ്ടുപേരുടെയും സംസ്‌കാരം. നവീന്റെ മൃതദേഹം കോട്ടയത്ത് സംസ്‌കരിക്കും.