വിവാഹശേഷമുള്ള ഫോട്ടോ എടുപ്പ് തല്‍ക്കാലം വേണ്ട, കല്യാണപെണ്ണ് തിരക്കിലാണ്..! അലങ്കരിച്ച വിവാഹ വണ്ടിയില്‍ പ്രിയതമനൊപ്പം അച്ചുവിന്റെ ആദ്യ യാത്ര പരീക്ഷാ ഹാളിലേക്ക്

വെള്ളറട: വിവാഹവേദിയില്‍ നിന്ന് വധു നേരെ പോയത് പരീക്ഷാ ഹാളിലേക്ക്. ഇത്തരം കൗതുക കാഴ്ചകള്‍ നമ്മുടെ നാട്ടില്‍ സ്ഥിരമാണ്. കഴിഞ്ഞ ദിവസവും അത്തരത്തില്‍ ഒരു കാഴ്ച നടന്നു. അലങ്കരിച്ച വിവാഹ വണ്ടിയില്‍ തന്റെ പ്രിയതമനൊപ്പം വധു കയറിചെന്നത് പരീക്ഷാ ഹോളിലേക്ക്. എല്ലാ വിദ്യാര്‍ത്ഥികളും അമ്പരന്ന് നോക്കി.

അഞ്ചാം സെമസ്റ്റര്‍ ബികോം പരീക്ഷയെഴുതാനാണ് എസ്എസ്അച്ചു എത്തിയത്. പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് കിളിയൂര്‍ മിശിഹാ നഗര്‍ എസ്എസ് ഭവനിലെ അച്ചു. വിവാഹം കഴിഞ്ഞയുടനെയാണ് വരന്‍ അഞ്ചുമരംകാല മൈലകുന്ന് അയിന്‍ നിവാസില്‍ ഷീന്‍പ്രസാദിനൊപ്പം അച്ചു പരീക്ഷയ്ക്കെത്തിയത്. ഇന്നലെ രാവിലെ പത്ത് മണിക്കായിരുന്നു ഷീന്‍ അച്ചുവിന് മിന്നുചാര്‍ത്തിയത്. എന്നാല്‍ സാധാരണ വിവാഹശേഷം ഫോട്ടോ എടുക്കുന്ന തിരക്കിലാകും വധൂവരന്മാര്‍ ഇവിടെ താലി ചാര്‍ത്തി നിമിഷങ്ങള്‍ക്കകം ചെക്കനും പെണ്ണും പരീക്ഷാ ഹോളിലെത്തി.

വിവാഹം നിശ്ചയിച്ച ശേഷമാണ് പരീക്ഷാതീയതി ഏഴാം തീയതിയില്‍നിന്നു പത്തിലേയ്ക്കു മാറ്റിയ വിവരമെത്തിയത്. കിളിയൂര്‍ ഉണ്ണി മിശിഹാ ദേവാലയത്തിലായിരുന്നു വിവാഹം. തുടര്‍ന്ന് വെള്ളറടയിലെ ഹാളില്‍ നടന്ന വിരുന്നുസല്‍ക്കാരത്തിനിടയില്‍ വരനെയും കൂട്ടി വധു പരീക്ഷയ്ക്കെത്തുകയായിരുന്നു. 1.30ന് ആരംഭിച്ച പരീക്ഷയ്ക്ക് 1.45നാണ് അച്ചു എത്തിയത്.

Exit mobile version