എസ്എസ്എൽസി പരീക്ഷയ്ക്കിടെ ഇൻവിജിലേറ്ററായ അധ്യാപികയിൽ നിന്നും മൊബൈൽഫോൺ പിടിച്ചെടുത്തു; അച്ചടക്കനടപടിക്ക് ശുപാർശ

തൃശൂർ: എസ്എസ്എൽസി പരീക്ഷയ്ക്കിടെ എക്‌സാം ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻവിജിലേറ്ററിൽ നിന്നും മൊബൈൽഫോൺ പിടിച്ചെടുത്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള പരീക്ഷാ സ്‌ക്വാഡാണ് അധ്യാപികയിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുത്തത്.

തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ കാൽഡിയൻ സിലിയൻ സ്‌കൂളിലെ പരീക്ഷാ ഹാളിൽവെച്ചായിരുന്നു സംഭവം. തുടർന്ന് ഇൻവിജിലേറ്ററെ പരീക്ഷാ ഡ്യൂട്ടിയിൽനിന്നും ഒഴിവാക്കി ഉത്തരവിറക്കി. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ കൊണ്ടുവന്ന് ഉപയോഗിക്കരുത് എന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശക്തമായ താക്കീത് അവഗണിച്ച് ഹാളിൽ മൊബൈൽ ഫോൺ സൂക്ഷിച്ച അധ്യാപികയ്ക്കും സെന്ററിലെ ചീഫ് സൂപ്രണ്ടിനും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനും എതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്.

അതേസമയം, പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികളുടെ ആഹ്ലാദ പ്രകടനങ്ങൾ അതിരുവിട്ടുപോകാതിരിക്കാനുള്ള ജാഗ്രതാ നടപടികളും സ്വീകരിച്ചിരിക്കുകയാണ്. മുൻ വർഷങ്ങളിൽ പല സ്‌കൂളുകളിലും വ്യാപകമായ നാശനഷ്ടങ്ങൾ വിദ്യാർത്ഥികൾ വരുത്തിയിരുന്നു.

അത്തരക്കാർക്കെതിരെ കർശന നടപടി ഉണ്ടാവും. പോലീസ് സംരക്ഷണവും സ്‌കൂൾ പരിസരത്ത് ഉണ്ടാകും. എല്ലാ സ്‌കൂളുകളിലെയും പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പരീക്ഷ അവസാനിക്കുന്ന സമയത്ത് സ്‌കൂളിൽ എത്തണമെന്ന് നിർദേശിച്ചിട്ടുണ്ടായിരുന്നു.

ALSO READ- മുട്ടക്കറിയില്‍ ജീവനുള്ള പുഴു; കളമശ്ശേരിയിലെ ഹോട്ടലില്‍ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്, പിഴയീടാക്കി

അമിത ആഹ്ലാദ പ്രകടനങ്ങൾ നടത്തി സ്‌കൂൾ സാമഗ്രികൾ നശിപ്പിച്ചാൽ, ചെലവ് മുഴുവൻ രക്ഷിതാവിൽ നിന്നും ഈടാക്കി മാത്രമേ വിടുതൽ സർട്ടിഫിക്കറ്റ് നൽകൂവെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എ അൻസാർ അറിയിച്ചു.

Exit mobile version