‘മുരളീധരൻ ചേട്ടനായി പോയി അല്ലെങ്കിൽ അടി കൊടുക്കാമായിരുന്നു, രാഹുൽ മാങ്കൂട്ടത്തിൽ ടിവിയിലിരുന്ന് നേതാവായ ആളാണ്; അപമാനിച്ചത് എന്റെ അമ്മയെ’: പത്മജ

തിരുവനന്തപുരം: ബിജെപിയിലേക്ക് ചേക്കേറിയതിനെ വിമർശിച്ച സഹോദരനും കോൺഗ്രസ് നേതാവുമായ കെ മുരളീധരനെതിരെ പത്മജ വേണുഗോപാൽ. കെ മുരളീധരന്റെ ‘വർക് അറ്റ് ഹോം’ പരാമർശത്തെയാണ് പത്മജ രൂക്ഷമായി വിമർശിച്ചത്. തന്റെ അനിയനായിരുന്നെങ്കിൽ അടി കൊടുക്കാമായിരുന്നുവെന്നും ഇത് ചേട്ടനായിപ്പോയെന്നും പത്മജ പറഞ്ഞു.

തനിക്കുള്ള ആരോഗ്യ പ്രശ്നം അടക്കം ചേട്ടന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നത് വോട്ടിന് വേണ്ടിയാണ്. മൂന്ന്, നാല് പാർട്ടി മാറി വന്ന ആളായതു കൊണ്ട് എന്തും പറയാം. കൂടുതൽ ഒന്നും പറയുന്നില്ലെന്നാണ് പത്മജ തിരുവനന്തപുരത്ത് പറഞ്ഞത്.

കൂടാതെ ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കൂടുതൽ കോൺഗ്രസുകാർ ബിജെപിയിലെത്തുമെന്നും പത്മജ വ്യക്തമാക്കി. എത്രയോ പേർ കോൺഗ്രസിൽ നിന്ന് പാർട്ടി വിട്ടുപോയി. അച്ഛൻ വരെ പോയിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി പാർട്ടിയുമായി അകന്നു നിൽക്കുകയായിരുന്നെന്നും പത്മജ വിശദീകരിച്ചു.

സ്വന്തം മണ്ഡലത്തിൽ പോലും പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. കേരളത്തിൽ നിന്ന് പോയാലോ എന്ന് വരെ ചിന്തിച്ചു. നേതൃത്വത്തോട് പറഞ്ഞെങ്കിലും നിസാരമായി എടുക്കുകയായിരുന്നെന്നും പത്മജ പറയുന്നു.

ALSO READ- പത്മജ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: ആരോഗ്യ പ്രശ്നങ്ങളുണ്ട്, മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങും; വേണുഗോപാല്‍

തന്റെ അമ്മയെ അപമാനിച്ച രാഹുൽ മാങ്കൂട്ടത്തലിനെതിരെ കേസ് കൊടുക്കും. കരുണാകരന്റെ മകൾ അല്ല എന്നാണ് രാഹുൽ പറഞ്ഞത്. രാഹുൽ ടിവിയിൽ ഇരുന്ന് നേതാവായ ആളാണ്. അയാൾ ജയിലിൽ കിടന്ന കഥയൊക്കെ അറിയാമെന്നും തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും പത്മജ പ്രതികരിച്ചു.

Exit mobile version