മുള്ളന്‍പന്നിയെ വെടിവെച്ച് കൊന്ന് കറിവെച്ച് കഴിച്ചു, ഏഴുപേര്‍ പിടിയില്‍

ഇടുക്കി: മുള്ളന്‍പന്നിയെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ ഏഴുപേര്‍ അറസ്റ്റില്‍. ഇടുക്കിയിലാണ് സംഭവം. എസ്റ്റേറ്റ് മനേജറും വിനോദസഞ്ചാരികളുമാണ് അറസ്റ്റിലായത്. . നാല് പേര്‍ തലക്കോട് ചെക്‌പോസ്റ്റിലും മൂന്ന് പേര്‍ ശാന്തന്‍പാറയിലുമാണ് പിടിയിലായത്.

തിരുവനന്തപുരം സ്വദേശികളായ അസമുദീന്‍, അസ്ലം റസൂല്‍ഖാന്‍, കെഎം ഇര്‍ഷാദ്, തിരുവല്ല സ്വദേശി രമേശ്കുമാര്‍ എന്നിവരാണ് തലക്കോട് ചെക്പോസ്റ്റില്‍ വെച്ച് പിടിയിലായത്. പുതുവത്സര ദിനത്തിലാണ് സംഭവം. ഇടുക്കി ശാന്തന്‍പാറയിലെ സ്വകാര്യ എസ്റ്റേറ്റില്‍ രാത്രിയാണ് മുള്ളന്‍പന്നിയെ വെടിവെച്ചു കൊന്നത്.

also read:വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, 28കാരി ജീവനൊടുക്കിയ നിലയില്‍

മുള്ളന്‍പന്നിയെ വെടിവെച്ച കൊന്ന രാജാക്കാട് സ്വദേശി ബിബിനും കൂട്ടാളിയും ഒളിവിലാണ്. എസ്റ്റേറ്റിലെത്തിയ തിരുവനന്തപുരം സ്വദേശികള്‍ ഇറച്ചി പാകം ചെയ്തു കഴിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ബാക്കി വന്ന ഒരു കിലോയോളം ഇറച്ചി കാറില്‍ കടത്തുന്നതിനിടെ തലക്കോട് ചെക്‌പോസ്റ്റില്‍ വാഹനപരിശോധനക്കിടെ കുടുങ്ങുകയായിരുന്നു.

ഇവരെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം മുള്ളന്‍പന്നിയെ ഷെഡ്യൂള്‍ഡ് ഒന്നില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഏഴ് വര്‍ഷം വരെ തടവു ലഭിക്കാം.

Exit mobile version