ആര്‍ക്കുണ്ട് ഇനി കടയടപ്പിക്കാന്‍ ധൈര്യം! ജീവനക്കാരെ മര്‍ദ്ദിച്ച് കടയടപ്പിച്ചു; ആലപ്പുഴ എസ്പി നേരിട്ടെത്തി കട തുറപ്പിച്ചു; കൈയ്യടിച്ച് വ്യാപാരികള്‍

കായംകുളം: രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സംയുക്ത തൊഴിലാളി യൂണിയന്‍രെ ദേശീയ പണിമുടക്കിനിടെ അടപ്പിച്ച കട എസ്പി നേരിട്ടെത്തി തുറപ്പിച്ചു. ജീവനക്കാരനെ മര്‍ദ്ദിച്ച് അടപ്പിച്ച ഫര്‍ണീച്ചര്‍ കടയുള്‍പ്പടെ കായംകുളം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളാണ് ജില്ലാ പോലീസ് മേധാവി നേരിട്ടെത്തി തുറപ്പിച്ചത്. ആലപ്പുഴ എസ്പി എസ് സുരേന്ദ്രനാണ് സമരാനുകൂലികള്‍ക്ക് എട്ടിന്റെ പണി കൊടുത്തത്. രാവിലെ അടപ്പിച്ച കടകള്‍ ഉച്ചയോടെ എത്തി തുറപ്പിക്കുകയായിരുന്നു.

കായംകുളം കെപി റോഡിലെ സെന്റര്‍ പോയിന്റ് ഷോപ്പിംഗ് മാളിലെ തോംസണ്‍ ഫര്‍ണീച്ചര്‍ കടയാണ് സമരാനുകൂലികള്‍ ജീവനക്കാരന്‍ പീറ്ററെ മര്‍ദ്ദിച്ച് ബലമായി അടപ്പിച്ചത്. പിന്നാലെ, വ്യപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വിഷയം ശ്രദ്ധയില്‍പ്പെട്ട ആലപ്പുഴ എസ്പി എസ് സുരേന്ദ്രനും ഡിവൈഎസ്പിയും സ്ഥലത്തെത്തി കടകള്‍ക്ക് സംരക്ഷണം വാഗ്ദാനം ചെയ്യുകയും, പിന്നാലെ ഉച്ചയോടെ വ്യാപാരികള്‍ കടകള്‍ തുറക്കുകയാമായിരുന്നു. തോംസണ്‍ ഫര്‍ണീച്ചര്‍ കടയാണ് ആദ്യം തുറന്നത്. കടയ്ക്ക് പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തി.

പീറ്ററെ മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇരുപതോളം പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

Exit mobile version