പഴംപൊരിയുടെ രുചിയെ ചൊല്ലി ചായക്കടയില്‍ തര്‍ക്കം, യുവാവിനെ കത്തികൊണ്ട് കുത്തി, 38കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പഴംപൊരിയുടെ പേരിലുണ്ടായ തര്‍ക്കം കലാശിച്ചത് കത്തിക്കുത്തില്‍. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. സംഭവത്തില്‍ വെട്ടൂര്‍ അരിവാളം ദാറുല്‍ സലാമില്‍ ഐസക് എന്നു വിളിക്കുന്ന അല്‍ത്താഫിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു.

വര്‍ക്കല വെട്ടൂര്‍ വലയന്റകുഴി ഒലിപ്പുവിള വീട്ടില്‍ രാഹുലിനാണ് (26) കുത്തേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. മേല്‍വെട്ടൂര്‍ ജങ്ഷനിലെ ചായക്കടയില്‍ വെച്ചായിരുന്നു തര്‍ക്കം.

also read: ‘കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നടപ്പാക്കാന്‍ ശ്രമിക്കും’ ; കേരളത്തിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് തമിഴ്നാട് മന്ത്രി

ചായക്കടയില്‍ നിന്നു പഴംപൊരി വാങ്ങിക്കഴിച്ച രാഹുല്‍ അതിന്റെ രുചിക്കുറവിനെക്കുറിച്ചു കട നടത്തിപ്പുകാരനുമായി തര്‍ക്കിച്ചു. അപ്പോള്‍ കടയില്‍ ചായ കുടിച്ചു കൊണ്ടിരുന്ന അല്‍ത്താഫ് പ്രശ്‌നത്തില്‍ ഇടപെട്ടു.

പിന്നാലെ രാഹുലും അല്‍ത്താഫും തമ്മിലായി തര്‍ക്കം. പിന്നാലെ കൈയില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് അല്‍ത്താഫ് രാഹുലിനെ കുത്തുകയായിരുന്നു. രാഹുലിന്റെ മുതുകിലാണ് കുത്തേറ്റത്.

also read: മഞ്ചേരി വാഹനാപകടം; അബ്ദുല്‍ മജീദിന്റെ മൃതദേഹം കൊണ്ടുവരിക മകളുടെ വിവാഹ പന്തലിലേക്ക്, കണ്ണീരോടെ ഒരു നാട്

രാഹുലിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം പ്രതി വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. അല്‍ത്താഫ് അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതക ശ്രമം അടക്കമുള്ള കേസുകളില്‍ പ്രതിയാണ്.

Exit mobile version