‘കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നടപ്പാക്കാന്‍ ശ്രമിക്കും’ ; കേരളത്തിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് തമിഴ്നാട് മന്ത്രി

മെഡിക്കല്‍ കോളേജ് ക്യാമ്പസ് എച്ച്എസ് സ്‌കൂളിലാണ് തമിഴ്നാട് മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യമൊഴിയും സംഘവും സന്ദര്‍ശനം നടത്തിയത്.

കോഴിക്കോട്: കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നേരിട്ടറിയാന്‍ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കോഴിക്കോട് എത്തി. മെഡിക്കല്‍ കോളേജ് ക്യാമ്പസ് എച്ച്എസ് സ്‌കൂളിലാണ് തമിഴ്നാട് മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യമൊഴിയും സംഘവും സന്ദര്‍ശനം നടത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം.

കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യവും പാഠ്യ-പാഠ്യേതര രംഗത്തുള്ള മുന്നേറ്റവും നേരിട്ടറിയാന്‍ ആയിരുന്നു സന്ദര്‍ശനം. സ്‌കൂള്‍ കൈവരിച്ച പശ്ചാത്തല വികസനവും വിദ്യാര്‍ഥികള്‍ക്കായി സജ്ജീകരിച്ച വെര്‍ച്വല്‍ റിയാലിറ്റി ക്ലാസ് മുറികളുടെ പ്രവര്‍ത്തനങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു.

ALSO READ പഴംപൊരിയുടെ രുചിയെ ചൊല്ലി ചായക്കടയില്‍ തര്‍ക്കം, യുവാവിനെ കത്തികൊണ്ട് കുത്തി, 38കാരന്‍ അറസ്റ്റില്‍

അധ്യാപകരോടും കുട്ടികളോടും അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തു. കണ്ണൂര്‍ ജില്ലയിലെ എന്‍.ഐ.എഫ്.ടി, കോഴിക്കോട് എന്‍.ഐ.ടി എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷമാണ് മന്ത്രി സ്‌കൂളിലേക്ക് എത്തിയത്.

അതേസമയം, കേരളത്തിന്റെ മാതൃക തമിഴ്‌നാട്ടില്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് അന്‍പില്‍ മഹേഷ് പറഞ്ഞു. ദാരിദ്ര്യമല്ല, അഭിമാനമാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ അടയാളമെന്ന് വ്യക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. അതിനുള്ള മാതൃകകള്‍ തേടിയാണ് കേരളത്തിലെത്തിയത്. തമിഴ്‌നാട് നടപ്പാക്കുന്ന മോഡല്‍ സ്‌കൂള്‍ പദ്ധതിക്ക് കേരളം പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version