‘മരണാനന്തരം വീടും സ്ഥലവും പാവപ്പെട്ടവർക്ക് നൽകണം’;പ്രവാസ ജീവിതം കൊണ്ട് സമ്പാദിച്ച ലക്ഷങ്ങളുടെ സ്വത്ത് പാവപ്പെട്ടവർക്കായി ദാനം ചെയ്ത് പത്മനാഭന്റെ കുടുംബം; നന്മ

ചെറുതുരുത്തി: മരണശേഷം 33 സെന്റ് സ്ഥലവും ഓടിട്ട വീടും പാവപ്പെട്ടവർക്ക് നൽകണമെന്ന് വിൽപത്രം എഴുതിവെച്ച ഗൃഹനാഥന് വേണ്ടി ആഗ്രഹം സഫലമാക്കി കുടുംബം. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ ചെറുതുരുത്തി പൈങ്കുളം റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന സാംബ്രിക്കൽ വീട്ടിൽ പത്മനാഭന്റെ(71) ആഗ്രഹമാണ് മരണശേഷം കുടുംബം നിറവേറ്റിയത്.

പത്മനാഭൻ വിടനവാങ്ങിയത് 20 ദിവസം മുമ്പായിരുന്നു. ദീർഘകാലം പ്രവാസിയായിരുന്ന പത്മനാഭൻ സമ്പാദിച്ച പുരയിടവും വീടുമാണ് ദാനമായി നൽകിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ലക്ഷക്കണക്കിന് വിലവരുന്ന സ്ഥലമാണ് ദാനമായി നൽകിയിരിക്കുന്നത്. തന്റെ പ്രവാസ ജീവിതത്തിനിടയിൽ വീടില്ലാതെ ബുദ്ധിമുട്ടുന്നവരെ കണ്ട പത്മനാഭൻ പാവപ്പെട്ടവർക്ക് വീട് വെക്കാൻ വേണ്ടിയാണ് സമ്പാദ്യത്തിൽ നിന്നും ഈ സ്ഥലവും വീടും മാറ്റിവെച്ചത്.

ലക്ഷക്കണക്കിന് രൂപ മതിപ്പുള്ള 33 സെന്റ് സ്ഥലവും ഒരു ഓടിട്ട വീടും വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിലാണ് ദാനമായി നൽകിയിരിക്കുന്നത്. പഞ്ചായത്ത് അധികൃതർ നിശ്ചയിക്കുന്ന നിർധനർക്ക് സ്ഥലം നൽകണമെന്നാണ് വിൽപത്രത്തിലുള്ളതെന്ന് കുടുംബം പറഞ്ഞു.

പത്മനാഭന്റെ ഭാര്യ വരവൂർ മുളക്കൽ വടക്കൂട്ട് വിജയലക്ഷ്മിയും മകൾ ദിവ്യയും സാക്ഷികളായാണ് കഴിഞ്ഞ ജൂണിൽ മരണപത്രം തയാറാക്കിയത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന പത്മനാഭന്റെ മരണശേഷംസ്ഥലം വിട്ടു നൽകുകയായിരുന്നെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽ ഖാദർ അറിയിച്ചു.

ALSO READ- സെക്രട്ടേറിയേറ്റിന് ബോംബ് ഭീഷണി: വ്യാജ സന്ദേശമയച്ചയാളെ കണ്ടെത്തി
പഞ്ചായത്തിലെ നിർധന കുടുംബങ്ങൾക്ക് നൽകാനുള്ള രേഖ ബന്ധുക്കൾ വള്ളത്തോൾ നഗർ പഞ്ചായത്തിന് ഔദ്യോഗികമായി മന്ത്രി കെ രാധാകൃഷ്ണന്റെ മുന്നിൽവെച്ച് കൈമാറി.

Exit mobile version