ഭിന്നശേഷിക്കാരന്‍ കഴിയുന്നത് തൊഴുത്തില്‍; വീട് നിര്‍മ്മിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് പ്രവാസി ചാരിറ്റി സംഘടന; താല്‍കാലിക താമസവും ഒരുക്കും

കിളിമാനൂര്‍: ഭിന്നശേഷിക്കാരനെ കന്നുകാലിതൊഴുത്തില്‍ പാര്‍പ്പിക്കേണ്ടി വന്ന ദുരവസ്ഥയില്‍ കഴിയുന്ന കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത് അബുദാബിയിലെ സാംസ്‌കാരിക ചാരിറ്റി സംഘടന നൊസ്റ്റാള്‍ജിയ. കിളിമാനൂര്‍ നഗരൂരിലെ കുടുംബത്തിനാണ് നൊസ്റ്റാള്‍ജിയ സഹായമെത്തിക്കുന്നത്. ഉടനെ തന്നെ കുടുംബത്തിന്റെ താത്കാലിക താമസത്തിന് വാടക വീട് നല്‍കുമെന്നും സംഘടന അറിയിച്ചു.

കന്നുകാലി തൊഴുത്തില്‍ കഴിയുന്ന നാലംഗ ദളിത് കുടുംബത്തിനെ മറ്റൊരു വീട്ടിലേക്ക് മാറ്റാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് സംഘടന അറിയിച്ചു. വിഷയത്തില്‍ ഭിന്നശേഷി കമ്മീഷണര്‍ ഇടപെട്ടിരുന്നു.

സര്‍ക്കാര്‍ സഹായത്തില്‍ ഒരുങ്ങുന്ന ലൈഫ് മിഷന്‍ പദ്ധയിലെ വീട് പൂര്‍ത്തിയാകുന്നത് വരെ ഭിന്നശേഷക്കാരനും കുടുംബത്തിനും സംരക്ഷണം നല്‍കുമെന്നും സംഘടന അറിയിച്ചു.

സര്‍ക്കാര്‍ ധനസഹായമായി 4 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇതിന് പുറമെ അധികമായി വരുന്ന നിര്‍മാണത്തുക കുടുംബത്തിന് നല്‍കാനാണ് നൊസ്റ്റാള്‍ജിയയുടെ തീരുമാനം. കഴിഞ്ഞ ആറുമാസമായി 12 വയസുകാരനായ ഭിന്നശേഷിക്കാരന്‍ അന്തിയുറങ്ങിയിരുന്നത് കന്നുകാലിത്തൊഴുത്തിലാണ്.

ALSO READ- വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയ സംഭവം; വിന്‍ഡോ സീറ്റിനായുള്ള തര്‍ക്ക മാത്രമെന്ന് പ്രതി; വീട്ടില്‍ റെയ്ഡ് നടത്തി പോലീസ്

ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഉണ്ടായിരുന്ന കൂര പൊളിച്ചതോടെയാണ് കുടുംബം കഷ്ടപ്പാടിലായത്. ആദ്യഗഡുവിലെ തുക ലഭിക്കാന്‍ കാലതാമസം വന്നതോടെ ഈ കുടുംബത്തിന് തൊഴുത്തില്‍ അഭയം പ്രാപിക്കേണ്ടി വരികയായിരുന്നു.

ശ്രീജയും ഭിന്നശേഷിക്കാരനായ മകനും പ്രായമായ മാതാപിതാക്കളുമാണ് ഈ തൊഴുത്തില്‍ കഴിയുന്നത്. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകിയ കാരണത്താലാണ് തുക അനുവദിക്കാന്‍ താമസം വന്നതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

Exit mobile version