അവിസ്മരണീയം ഈ അരങ്ങേറ്റം! ഉത്തരന്റെ കാമുകിയായി കഥകളി വേദിയിൽ നിറഞ്ഞാടി കളക്ടർ ദിവ്യ എസ് അയ്യർ

തിരുവല്ല: പത്തനംതിട്ട മാർത്തോമാ സ്‌കൂൾ അങ്കണത്തിൽ ഒരുക്കിയ കഥകളി വേദിയിൽ നിറഞ്ഞാടി കളക്ടർ ദിവ്യ എസ് അയ്യർ. ഇരയിമ്മൻ തമ്പിയുടെ ഉത്തരാസ്വയം വരം കഥകളിയാണ് കളക്ടറും രണ്ട് കഥകളി കലാകാരന്മാരും ചേർന്ന് വേദിയിൽ അവതരിപ്പിച്ചത്. ദിവ്യയ്ക്ക് ഒപ്പം ഉത്തരനായി കലാമണ്ഡലം വൈശാഖും രണ്ടാമത്തെ കാമുകിയായി കലാമണ്ഡലം വിഷ്ണുവും അരങ്ങിലെത്തി.

ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തഃരംഗം കേരളമെന്ന കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ എന്ന കവിവാക്യത്തിനേഴഴകേകുന്ന കലാരൂപമാണ് കഥകളിയെന്ന് പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ പിന്നീട് സോഷ്യൽ മീഡിയയിൽ കുറിച്ചു.

പരമ്പരാഗത കലാരൂപങ്ങൾക്കു പേരും പെരുമയും ചാർത്തിക്കൊണ്ടു പുതുതലമുറയ്ക്കു പ്രചോദനമേകാൻ സാധിച്ചതിൽ സന്തോഷമെന്നും കഥകളിയുടെ അദ്ധ്വാനവും ആസ്വാദനവും കുട്ടികളിലേക്ക് എത്തിക്കുവാനായുള്ള ഈ എളിയ ശ്രമത്തിൽ സഹകരിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും ഫേസ്ബുക്കിലൂടെ കളക്ടർ പറഞ്ഞു.

ALSO READ- ‘മാത്യൂസിനെ പോലൊരു ഫീൽ കൊണ്ടുവരാൻ പറ്റുമെന്നാണ് എനിക്കു തോന്നുന്നത് ലാലേട്ടാ’; ജയിലർ സിനിമയിലെ ചിത്രവുമായി അൽഫോൺസ് പുത്രൻ

പത്തനംതിട്ട കളക്ടർ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ:

അവിസ്മരണീയം ഈ അരങ്ങേറ്റം
ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം കേരളമെന്ന കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍- എന്ന കവിവാക്യത്തിനേഴഴകേകുന്ന കലാരൂപമാണ് കഥകളി. പരമ്പരാഗത കലാരൂപങ്ങൾക്കു പേരും പെരുമയും ചാർത്തിക്കൊണ്ടു പുതുതലമുറയ്‌ക്കു പ്രചോദനമേകാൻ പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിൽ സ്റ്റുഡന്റസ് കഥകളി ക്ലബ് എന്ന ഉദ്യമത്തിന് ഇന്ന് ജില്ലാ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തുടക്കമായി. അയിരൂർ കഥകളി ഗ്രാമം എന്നു പുനഃനാമകരണം ചെയ്യപ്പെട്ട പഞ്ചായത്തിന്റെ നാടായ നമ്മുടെ ജില്ല തന്നെയാണ് ഇതിനേറ്റവും അനുയോജ്യമായ അരങ്ങു. ആട്ടവിളക്ക് തെളിഞ്ഞപ്പോൾ ഉത്തരാസ്വയംവരം കഥകളി പദത്തിലെ ഒരു രംഗാവിഷ്കരണത്തിൽ പങ്കെടുക്കാൻ സാധിച്ചത് അവിസ്മരണീയ അനുഭവമായി മാറി. കഥകളിയുടെ അദ്ധ്വാനവും ആസ്വാദനവും കുട്ടികളിലേക്ക് എത്തിക്കുവാനായുള്ള ഈ എളിയ ശ്രമത്തിൽ സഹകരിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി. കേരളത്തിന്റെ മുഖമുദ്രയായ കഥകളിക്ക് ജനകീയ മുഖം നൽകിക്കൊണ്ട് കാലാന്തരങ്ങൾക്കപ്പുറം ഈ മഹനീയ കലാരൂപം വാഴട്ടെ

Exit mobile version