‘ടി എസ് രാജു പൂര്‍ണ ആരോഗ്യവാനാണ്, രാവിലെയും സംസാരിച്ചിരുന്നു’: പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് കിഷോര്‍ സത്യ

കൊച്ചി: സോഷ്യലിടത്ത് വ്യാജവാര്‍ത്തകള്‍ക്ക് ക്ഷാമമില്ല. പ്രത്യേകിച്ചും സെലിബ്രിറ്റികളെ കൊല്ലുന്ന വാര്‍ത്തകള്‍ സ്ഥിരമാണ്. ഇപ്പോഴിതാ വ്യാജവാര്‍ത്തയുടെ അവസാന ഇരയായിരിക്കുകയാണ് പ്രശസ്ത നടന്‍ ടി എസ് രാജു. നടന്‍ ടിഎസ് രാജു അന്തരിച്ചെന്ന് വലിയ രീതിയില്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.

ടി എസ് രാജു പൂര്‍ണ ആരോഗ്യവാനായി തന്നെയുണ്ടെന്ന് നടന്‍ കിഷോര്‍ സത്യ വ്യക്തമാക്കി. അദ്ദേഹത്തിനോട് രാവിലെയും സംസാരിച്ചിരുന്നെന്നും കിഷോര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘പ്രശസ്ത നടന്‍ ടി. എസ്. രാജു ചേട്ടന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തന്നെയുണ്ട്. ഞാന്‍ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു. വ്യാജ വാര്‍ത്തകളില്‍ വഞ്ചിത്തരവാതിരിക്കുക’ കിഷോര്‍ സത്യ പങ്കുവച്ചു.

നടന്‍ അജു വര്‍ഗീസും വ്യാജ വാര്‍ത്തയില്‍ വീണു പോയി, ടിഎസ് രാജുവിന് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. പിന്നീട് വ്യാജ വാര്‍ത്ത മനസ്സിലാക്കി പോസ്റ്റ് ഡിലീറ്റ് ചെയ്തു.

സിനിമയിലും സീരിയലിലും തിളങ്ങിനിന്ന താരമാണ് ടിഎസ് രാജു. 1969 -ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധായകനായ അനാച്ഛാദനം എന്ന പ്രേംനസീര്‍ സിനിമയില്‍ ഒരു പോലീസ് സബ് ഇന്‍സ്‌പെക്റ്ററുടെ വേഷം സഹ സംവിധായകനായ ഹരിഹരന്‍ മുഖേന രാജുവിന് ലഭിച്ചു. അതിനുശേഷം സത്യന്‍ നായകനായ വെള്ളിയാഴ്ച്ച എന്ന ചിത്രത്തിലും വേഷം ലഭിച്ചു.

രാജു നാടകങ്ങളിലൂടെയാണ് തന്റെ അഭിനയജീവിതം തുടരുന്നത്. നിരവധി നാടകങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. നാടകങ്ങള്‍ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം സജീവമായി.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലില്‍ ടി എസ് രാജു അവതരിപ്പിച്ച മാര്‍ക്കോസ് എന്ന കഥാപാത്രം കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കി.

1995 -ല്‍ ത്രീ മെന്‍ ആര്‍മി എന്ന സിനിമയിലൂടെയാണ് രാജു വീണ്ടും ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് അന്‍പതോളം സിനിമകളില്‍ അദ്ദേഹം വിവിധ വേഷങ്ങള്‍ ചെയ്തു. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലെ ടി എസ് രാജുവിന്റെ സര്‍ക്കസ് മാനേജരുടെ വേഷം വലിയ തോതില്‍ പ്രേക്ഷക പ്രീതി നേടിക്കൊടുത്തു.

Exit mobile version