നിശബ്ദത അവസാനിക്കുന്നു: സല്‍പ്പേരിന് കളങ്കം വരുത്തുന്ന വ്യാജവാര്‍ത്തകള്‍; ദയ അശ്വതിയ്ക്കും യൂട്യൂബ് ചാനലിനുമെതിരെ പരാതി നല്‍കി അമൃത സുരേഷ്

കൊച്ചി: തന്നെയും കുടുംബത്തിനെയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പ്രമുഖ യൂട്യൂബ് ചാനലിനും സോഷ്യല്‍ മീഡിയ ഫെയിം ആയ ദയ അശ്വതിക്കുമെതിരെ പോലീസില്‍ പരാതി നല്‍കി ഗായിക അമൃത സുരേഷ്. പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് അമൃത പരാതി നല്‍കിയത്. പരാതിയുടെ രേഖകള്‍ അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

സോഷ്യല്‍ മീഡിയ വഴി ദയ അശ്വതി കഴിഞ്ഞ രണ്ട് വര്‍ഷമായി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് കാണിച്ചാണ് അമൃത സുരേഷിന്റെ പരാതി. ഇതിനെതിരെ നടപി എടുക്കുക അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും തനിക്ക് ന്യായമായ പരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമൃത കുറിച്ചു.

ദയ അശ്വതിയെ കൂടാതെ മിസ്റ്റട്രി മലയാളി എന്ന യുട്യൂബ് ചാനലിനെതിരെയും അമൃത പരാതി നല്‍കിയിട്ടുണ്ട്. ‘അമൃതയുടെ മകള്‍ മരിച്ചു’ എന്ന തരത്തില്‍ ഒരു വ്യാജ വാര്‍ത്ത ഈ ചാനലില്‍ വന്നിരുന്നു. ഒരു കന്നഡ താരത്തിന്റ മകള്‍ മരിച്ച വാര്‍ത്തയാണ് യൂട്യൂബ് ചാനല്‍ അമൃതയുടെ മകള്‍ എന്ന തരത്തില്‍ പ്രചരിപ്പിച്ചത്.

‘എന്റെ കുടുംബത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്തുന്ന തെറ്റായ വാര്‍ത്തകള്‍, ആക്രമണങ്ങള്‍, വേദനിപ്പിക്കുന്ന ഗോസിപ്പുകള്‍..എല്ലാം വളരെ കാലമായി ഞാന്‍ സഹിക്കുകയാണ്. എന്റെ നിരപരാധിയായ മകളെ സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് വലിച്ചിഴച്ചു.

എന്റെ നിശബ്ദത ഇപ്പോള്‍ അവസാനിക്കുക ആണ്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും. സത്യസന്ധവും മാന്യവുമായ ഒരു ഓണ്‍ലൈന്‍ ഇടം വളര്‍ത്തിയെടുക്കാന്‍ എല്ലാവര്‍ക്കും ശ്രമിക്കാം’, അമൃത വ്യക്തമാക്കി.

Exit mobile version