ജിഷ്ണു പ്രണോയിയുടെ ഓര്‍മ്മകള്‍ക്ക് രണ്ടു വയസ്; എങ്ങുമെത്താതെ സിബിഐ അന്വേഷണം; സഹപാഠികളായ സാക്ഷികളെ പീഡിപ്പിച്ച് കോളേജും

കോഴിക്കോട്: ജിഷ്ണു പ്രണോയ്‌യുടെ ഓര്‍മ്മകള്‍ക്ക് രണ്ട് വര്‍ഷം. പാമ്പാടി നെഹ്‌റു കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ 2017 ജനുവരി ആറിനാണ് ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ജിഷ്ണുവിനെ സഹപാഠികള്‍ കണ്ടെത്തിയത്. രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു കോഴിക്കോട് നാദാപുരം സ്വദേശി ജിഷ്ണു. സംസ്ഥാനമൊട്ടാകെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ ഈ സംഭവം ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും കാരണമായി. കോളേജിലെ, എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ജിഷ്ണു.

ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പ്രത്യേക അന്വേഷണ സംഘവും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ജിഷ്ണുവിന് നീതി മാത്രം അകലെയായി. സുപ്രീംകോടതി സിബിഐക്ക് അന്വേഷണം വിട്ടതോടെ വിവാദങ്ങള്‍ കെട്ടടങ്ങിയെങ്കിലും ജിഷ്ണുവിന്റെ മരണത്തിന് രണ്ടാണ്ട് കഴിഞ്ഞിട്ടും എങ്ങുമെത്താതെ ഉഴലുകയാണ് സിബിഐ അന്വേഷണം.

ഇതിനിടെ, കേസില്‍ പ്രധാന പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസ് സംസ്ഥാനത്ത് പ്രവേശിക്കുന്നത് സുപ്രീംകോടതി തടഞ്ഞിരുന്നു. ഒന്നര വര്‍ഷത്തിനുശേഷം കര്‍ശന ഉപാധികളോടെ പ്രവേശന അനുമതി നല്‍കി. പ്രധാന സാക്ഷികളായ വിദ്യാര്‍ത്ഥികളെ പരീക്ഷകളില്‍ തോല്‍പ്പിച്ചും ഭീഷണിപ്പെടുത്തിയും മാനേജ്മന്റെ് കേസില്‍നിന്ന് രക്ഷപ്പെടാന്‍ കളമൊരുക്കുന്നതായി ആരോപിച്ച് കുടുംബം വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കൃഷ്ണദാസ് സംസ്ഥാനത്ത് തങ്ങുന്നത് വിലക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ജിഷ്ണുവിന്റെ വിയോഗം സിപിഎം ആചരിക്കുന്നുണ്ട്. ഒപ്പം പ്രദേശത്തെ ക്ലബുകളും സ്മരണഞ്ജലി അര്‍പ്പിക്കും.

Exit mobile version