‘ആരും വന്ന് വായില്‍ കുത്തിത്തിരുകി തരില്ലല്ലോ, മകന് ബോധം ഉണ്ടെങ്കില്‍ അവന്‍ ഉപയോഗിക്കില്ല’; ടിനി ടോമിന്റെ ആരോപണം തള്ളി ധ്യാന്‍ ശ്രീനിവാസന്‍

കൊച്ചി: മലയാള സിനിമാ മേഖലയിലെ ലഹരി ആരോപണത്തില്‍ നടന്‍ ടിനി ടോമിന്റെ ആരോപണം തള്ളി നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. മയക്കുമരുന്ന് ആരും വായില്‍ കുത്തിതിരുകി തരില്ല. മകന് ബോധമുണ്ടെങ്കില്‍ ഇതൊന്നും ഉപയോഗിക്കില്ലെന്നും ധ്യാന്‍ പറഞ്ഞു.

സിനിമ മേഖലയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും, ഈ ഭയം കൊണ്ടാണ് മകനെ സിനിമയിലേക്ക് വിടാത്തതെന്നുമായിരുന്നു ടിനി ടോം കഴിഞ്ഞ ദിവസം പറഞ്ഞത്. അതിന് പിന്നാലെ ഷൂട്ടിംഗ് സെറ്റില്‍ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകുമെന്നും കൊച്ചി കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.

‘ഒരുത്തന്‍ നശിക്കണം എന്ന് പറഞ്ഞാല്‍ അവന്‍ നശിക്കും. മകന് ബോധം ഉണ്ടെങ്കില്‍ അവന്‍ ഉപയോഗിക്കില്ലല്ലോ. അല്ലാതെ ഒരാള്‍ വന്ന് വായില്‍ കുത്തിത്തിരുകി തരില്ലല്ലോ ഈ പറഞ്ഞ സാധനം. ബോധവും കഥയും ഉള്ള ഒരുത്തനാണെങ്കില്‍ അവന്‍ അത് ഉപയോഗിക്കില്ല. അത്ര തന്നെ.’ എന്നാണ് ധ്യാന്‍ പറഞ്ഞത്.

കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു ടിനി ടോമിന്റെ വിവാദ പരാമര്‍ശം. തന്റെ മകന് സിനിമയില്‍ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ അഭിനയിക്കാന്‍ മകനെ വിടില്ലെന്നാണ് പങ്കാളി പറഞ്ഞത്. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയുള്ളിനാലാണ് ഇത് എന്നായിരുന്നു ടിനി പറഞ്ഞത്.

’16-18 വയസിലാണ് കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു. ലഹരിക്ക് അടിമയായ ഒരു നടനെ ഈയടുത്ത് കാണാനിടയായി. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നു. ലഹരി ഉപയോഗിക്കുമ്പോള്‍ നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോള്‍ പല്ല് പൊടിയുന്നു, നാളെ എല്ലു പൊടിഞ്ഞു തുടങ്ങും. നമ്മുടെ ലഹരി കലയാകണം.’ എന്നായിരുന്നു ടിനി ടോം വ്യക്തമാക്കിയത്.

Exit mobile version